മകന്റെ വീട്

മനസ്സിലെ
പുതിയ വീടിന്
ഒരു മുറി കൂടുതലായിരുന്നു!
വരാന്തയിൽ നിന്നു കയറി,
പൂമുഖത്ത് നിന്നു
വലത്തോട്ട് തിരിഞ്ഞ്,
മുറ്റത്തെ സുഗന്ധത്തിലേക്കും
തൊടിയിലെ പച്ചപ്പിലേക്കും
ജനൽ തുറക്കുന്ന
ചെറുതല്ലാത്ത ഒരു മുറി!
ആ മുറിയിൽ
ഒരു കട്ടിൽ,
കടന്നു പോയ പകലിനെ
തിരിച്ചു കൊണ്ടുവരുന്ന
ശ്വാസ താളങ്ങൾ !
സന്ധ്യയെ കുറിച്ചുള്ള
ചിന്തകളൊഴിഞ്ഞ്,
ഇരുട്ടിനെ ഭയമില്ലാത്ത
നാലു കണ്ണുകൾ!
കാതിനോട് ചുണ്ട്
പറയുന്ന സ്വകാര്യങ്ങളിൽ
ഒച്ചയെടുക്കാത്ത ഇക്കിളികൾ!
മനസ്സിലെ വീട്ടിൽ
സ്വപ്നങ്ങളേറെയായിരുന്നു!

മനസ്സിലെ വീട് മകൻ
വരച്ചപ്പോൾ
ആ മുറി മാത്രം ഉണ്ടായിരുന്നില്ല!
വരാന്തയിൽ നിന്നു കയറി
പൂമുഖത്ത് നിന്നു
ഇടത്തോട്ടു തിരിഞ്ഞുള്ള മൂലയിൽ,
ഒരു കട്ടിലിനുള്ള ഒഴിവ്!
ഒരു ചുമരിനപ്പുറം,
അടുക്കളയോട് ചേർന്ന്
മറ്റൊരു കട്ടിലൊഴിവ്!

തറ കീറി പടുത്ത്
തുടങ്ങും മുമ്പേ
തെക്കേ തൊടിയിൽ
ഇരുട്ട് കുഴിവെട്ടിയത്
അവൾക്കായിരുന്നില്ല,
എനിക്കായിരുന്നു!
പൂമുഖത്ത് നിന്നു
ഇടത്തോട്ടു തിരിഞ്ഞുള്ള മൂലയിൽ
കട്ടിലൊഴിവ് മാറ്റി
ശുചിമുറിയാക്കിയത്
മരുമകളുടെ
മിടുക്കായിരുന്നു!!

സുരേഷ് പ്രാർത്ഥന

error: Content is protected !!