ഡോ. എം. എസ്സ് സ്വാമിനാഥൻ വിടവാങ്ങി

ഡോ. എം. എസ്സ് സ്വാമിനാഥൻ വിടവാങ്ങിപ്രശസ്ത കൃഷിശാസ്ത്രജ്ഞൻ, ഇന്ത്യയിലെ ഹരിതവിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെട്ടിരുന്ന ഡോ. എം. എസ്സ്. സ്വാമിനാഥൻ (മങ്കൊമ്പ്‌ സാംബശിവൻ സ്വാമിനാഥൻ) അന്തരിച്ചു. 1925 ഓഗസ്റ്റ് 7 ന് കുട്ടനാട്‌ താലൂക്കിലെ മങ്കൊമ്പിൽ ജനിച്ച അദ്ദേഹം, കോയമ്പത്തൂർ കാർഷിക കോളേജ്, ഇന്ത്യൻ കാർഷിക ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലെ പഠനം പൂർത്തിയാക്കി 1952 -ൽ കേംബ്രിഡ്ജ് സർവ്വകലാശാലയിൽ നിന്ന് ജനിതകശാസ്ത്രത്തിൽ പി.എച്ച്.ഡി നേടി. ഇന്ത്യയിലെത്തിയ ശേഷം അദ്ദേഹത്തിൻറെ പ്രവർത്തനങ്ങൾ പരിസ്ഥിതിയ്ക്കിണങ്ങുന്ന, അത്യുൽപ്പാദനശേഷിയുള്ള വിത്തുകൾ വികസിപ്പിക്കുകയും അത് കർഷകർക്കിടയിൽ പ്രചരിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു. ഈ രംഗത്തെ അദ്ദേഹത്തിൻറെ പ്രവർത്തനങ്ങൾ തെക്കുകിഴക്കേഷ്യയിലെ മിക്ക രാജ്യങ്ങളെയും പട്ടിണിയിൽ നിന്നും കരകയറ്റിയിരുന്നു.ഗോതമ്പിന്റെ വിദേശ ഇനങ്ങളെ ഇന്ത്യൻ സാഹചര്യങ്ങൾക്ക് യോജിക്കുന്നരീതിയിലേയ്ക്ക് മാറ്റി പഞ്ചാബിലെ പാടശേഖരങ്ങളിൽ കൃഷിയിറക്കി നൂറുമേനി വിളയിച്ചത് അദ്ദേഹത്തിനെ ഇന്ത്യയിലെ ഹരിതവിപ്ലവത്തിന്റെ പിതാവാക്കി. മാഗ്‌സാസെ അവാർഡ്, ഐക്യരാഷട്ര ഭക്ഷ്യ കോൺഗ്രസ്സ് അദ്ധ്യക്ഷ പദവി, വേൾഡ് ഫുഡ്പ്രൈസ്, ഫ്രാങ്ക്‌ളിൻ റൂസ്‌വെൽറ്റ് പുരസ്കാരം എന്നിവ നേടിയ അദ്ദേഹത്തെ പദ്മശ്രീയും പദ്മഭൂഷണും നൽകി രാജ്യം ആദരിച്ചു.

ഗ്രാമീണ മേഖലയിലെ സ്ത്രീകളുടെ ഉന്നമനത്തിനായി, അവരുടെ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നതിലൂടെ മാത്രമേ സാമൂഹികമായൊരു സുസ്ഥിര വികസനം സാദ്ധ്യമാകൂ എന്ന ഉൾക്കാഴ്ചയോടെ അദ്ദേഹം സ്ഥാപിച്ച എം എസ്സ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ ചെന്നൈ ആസ്ഥാനമാക്കി പ്രവർത്തിച്ചുവരുന്നു.
ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ നായകന് അന്ത്യാഞ്ജലി അർപ്പിക്കുന്നു.

error: Content is protected !!