‘കിറുക്കി’ ഭാർഗ്ഗവി

‘കിറുക്കി’ ഭാർഗ്ഗവി

ഇങ്ങനെയൊരു പേരിടുമ്പോൾ ഞാൻ കുറ്റബോധത്തിനടിമയാണ്. ‘അരുത്.. അങ്ങനെ വിളിക്കരുത്..’ എന്ന് ഉള്ളിലിരുന്നാരോ മന്ത്രിക്കുന്നുണ്ട്. വേറൊരു പേര് ഈ കഥയ്ക്ക് യോജിക്കുന്നുമില്ല. കിറുക്കില്ലാത്ത ഒരേയൊരാൾ എന്ന് എന്റെ കുഞ്ഞുമനസ്സിൽ പതിഞ്ഞുപോയ ആ അമ്മയെ നമുക്ക് ഭാർഗ്ഗവിയമ്മയാക്കാം.

എനിക്കന്ന് ഏഴെട്ടുവയസ്സാണ്. വീടിനകത്തോ ചുറ്റുവട്ടങ്ങളിലോ എന്നെ കണ്ടില്ലെങ്കിൽ അച്ഛമ്മ, എന്നെ തെരയുന്ന അമ്മയോട് ഉറപ്പിച്ചുപറയും,
“പെണ്ണാ കിറുക്കിഭാർഗ്ഗവീടങ്ങു കാണും. ഇവിടെങ്ങും നോക്കീട്ടൊരു കാര്യോമില്ല. പറഞ്ഞാ കേട്ടില്ലെങ്കി നല്ല തല്ലു വച്ചുകൊടുക്കണം. വേറെങ്ങും കണ്ടില്ല അവക്കു കളിയ്ക്കാൻ”.

അത് സത്യവുമാണ്. എന്റെ കൂട്ടായിട്ടൊന്നുമല്ല ഭാർഗ്ഗവിയമ്മയുടെ വീട്ടിന്റെ ഉമ്മറത്ത് അവരുടെ ചലനങ്ങളും നോക്കി ഞാൻ വാപൊളിച്ചിരിക്കുന്നത്. വാസ്തവത്തിൽ അവരെന്നെ കാണുന്നുണ്ടോ എന്നുപോലും നിശ്ചയമില്ല. തലമുടി വിരലുകൊണ്ടു ഞാവി സദാ പിറുപിറുത്തുകൊണ്ട് ഭാർഗ്ഗവിയമ്മ ഉമ്മറപ്പടിയിൽ കാലുംനീട്ടിയിരിക്കും. മണ്ണുകൊണ്ടു കെട്ടിയ വരാന്തയുടെ കൈവരിയിൽ അവരേയും നോക്കിയിരിക്കുമ്പോൾ എന്റെ ചിന്തകൾ പലകുറി ആകാശംതൊടും! ആ ഇരുപ്പിൽ ഞാനോ അവരോ മുഷിവറിയില്ല. അച്ഛമ്മയുടെ ചാരന്മാർ അടിച്ചും പിച്ചിയും ദിവാസ്വപ്നത്തിൽ നിന്ന് നിലംതൊടീച്ച് എന്നെ ചീത്തകേൾക്കാൻ കൊണ്ടുപോകുന്നതുവരെ ഞങ്ങളങ്ങനെ ഇരിക്കും.

കുട്ടികളെ അടുപ്പിക്കാത്ത ആളാണ് ഭാർഗ്ഗവിയമ്മ. അവരുടെ കുടുംബത്തിൽ തന്നെയുള്ളവരും അയൽവക്കത്തുള്ളവരുമായി പത്തിരുപത് പിള്ളേരുണ്ട് ചുറ്റുവട്ടത്ത് കളിച്ചുതിമിർക്കുന്നവർ. കളിക്കൂട്ടങ്ങളെ തന്റെ പറമ്പിലോ പരിസരത്തോ അവർ അടുപ്പിച്ചിരുന്നില്ല. ചീത്തവിളിച്ചോടിച്ചുവിടും. ഓണക്കാലത്ത് പറയുകയേവേണ്ട. അപ്രത്തെ പ്രഭാകരൻമാമൻ അവരുടെ വീടിനുമുന്നിൽ ഒഴിഞ്ഞുകിടക്കുന്ന ഭാഗത്തു വലിയ ആലോത്തൂഞ്ഞാലിടും. ഊഞ്ഞാലിട്ടുകഴിഞ്ഞാൽ പാതിരാത്രിവരെ അതിനു ചുവട്ടിൽ ആളും ബഹളവുമാണ്. അവിടുത്തെ കൂട്ടത്തല്ലിന് ആദ്യമാദ്യം ഞങ്ങളെ പോകാനനുവദിച്ചിരുന്നില്ലെങ്കിലും അച്ഛമ്മയുടെ റെക്കമെൻഡേഷനിൽ കുറച്ചുനേരം ഊഞ്ഞാലാടാൻ പോകാൻ അനുമതികിട്ടി. അപ്പോഴാണ് റോഡിലൂടെ പോകുമ്പോൾ പോലും പേടിയോടെ കണ്ടിരുന്ന ആ വീടും അതിനുടമ ‘കിറുക്കി ഭാർഗ്ഗവി’യെന്ന് നാട്ടുകാർ വിളിച്ചിരുന്ന ആ അമ്മയേയും ആദ്യമായി കാണുന്നത്.
അനുവദിച്ചിരുന്ന നേരം കഴിഞ്ഞിട്ടും കാണാതായ എന്നെത്തേടിയാണ് അന്ന് അമ്മ ഊഞ്ഞാൽച്ചുവട്ടിൽ വന്നത്. ഭാർഗ്ഗവിയമ്മ ആ സമയം തന്റെ പറമ്പിനതിരിൽ നിന്ന് ഊഞ്ഞാലാട്ട സംഘത്തിനെ ചീത്തവിളിക്കുകയായിരുന്നു. കുട്ടികളുടെ ആർപ്പുവിളിയിൽ ഏറെനേരം പിടിച്ചുനിൽക്കാൻ അവരുടെ ദുർബലമായ ശബ്ദത്തിനാവില്ലല്ലോ എന്നോർത്ത് വിഷമംപിടിച്ചു നിൽക്കുന്ന നേരത്താണ് അമ്മയുടെ എൻട്രി. ഒന്നും മിണ്ടാതെ എന്റെ കൈയും പിടിച്ച് അമ്മ ഭാർഗ്ഗവിയമ്മയ്ക്കടുത്തേയ്ക്ക് നടന്നുചെന്നു. എന്റേയും അമ്മയുടേയും ശ്രദ്ധാകേന്ദ്രം ഒന്നായിരുന്നു എന്ന് അപ്പോഴാണ് ഞാനറിയുന്നത്.

ഞങ്ങളെ കണ്ടതും ഭാർഗ്ഗവിയമ്മയുടെ സംസാരം നേർത്തപിറുപിറുക്കലായി. അമ്മയുടെ മുഖത്ത് ഒന്നു സൂക്ഷിച്ചുനോക്കിയ ശേഷം അവർ തന്റെ വീടിന്റെ വരാന്തയിലേയ്ക്കു കയറി. ചുള്ളിക്കമ്പു വേലിക്കിപ്പുറത്തുനിന്ന് അമ്മ വിളിച്ചു,
“ഭാർഗ്ഗവിയക്കാ..”
ഒരു നിമിഷം അവരുടെ കാലടികൾ നിശ്ചലമായി. വരാന്തയിൽ, വീടിനഭിമുഖമായി നിന്ന അവരിൽനിന്ന് രണ്ടുമിനിറ്റോളം പ്രതികരണമൊന്നുമുണ്ടായില്ല. ഞാൻ അമ്മയുടെ കൈമുട്ടിൽ നുള്ളി. ‘നമുക്കു പോവാം’ എന്ന സിഗ്നൽ! നല്ല പേടിയുണ്ടായിരുന്നു എനിക്കപ്പോൾ, അവരെങ്ങാനും തിരിച്ചിറങ്ങിവന്ന് ഉപദ്രവിച്ചാലോ.. അമ്മ, നിൽക്കെന്ന് കണ്ണുകാണിച്ചു. കുറച്ചുനേരം കഴിഞ്ഞ് അവർ തിരിഞ്ഞിറങ്ങിവന്നു. ഞാൻ അമ്മയുടെ കൈയ്യിൽ മുറുകെപ്പിടിച്ചു.

വേലിക്കപ്പുറത്ത് ഞങ്ങൾക്കഭിമുഖമായി വന്നുനിന്ന് ഭാർഗ്ഗവിയമ്മ അമ്മയെ അടിമുടി നോക്കി. അന്നാണ് ആദ്യമായി ഞാനവരെ അടുത്തു കാണുന്നത്. നര കയറിത്തുടങ്ങിയ തലമുടിയും മുഷിഞ്ഞ മുണ്ടും ബ്ലൗസും ആയി നിൽക്കുന്ന ഒരു മദ്ധ്യവയസ്ക. ചുമന്നുതുടുത്ത മുഖത്തും അഴുക്കുപിടിച്ചതെങ്കിലും വെളുവെളുത്ത കൈകാലുകളിലും പോയകാലത്തെ സൗന്ദര്യത്തിന്റെ ഒളിമിന്നൽ!

“നീ രവീര പെണ്ണല്ലേ? സന്തോഷമായി മക്കളേ.. കാണാനൊത്തല്ലോ.”
അമ്മയും നിറഞ്ഞു ചിരിച്ചു.
“ഇത് നിന്റെ മൂത്ത പുള്ളേല്ലേ? ഇതിനെ ആ തെമ്മാടിക്കൂട്ടത്തിന്റൊപ്പം വിടല്ല് കേട്ടാ.”
“മക്കള് അമ്മൂമ്മേ കണ്ട് പേടിച്ചാ? വഴക്കുപറഞ്ഞത് മക്കളെ അല്ല കേട്ടാ..”
ഒരു നിമിഷം അവരെന്റെ തലയിൽ തലോടി. എന്റെ പേടി അറിയുന്ന അമ്മ അതുനോക്കി ചിരിച്ചു.
“നീ ശ്രദ്ധിച്ചോ.. നല്ലോണം ശ്രദ്ധിച്ചോ.. നിന്റെ നായരെ. കള്ളക്കൂട്ടങ്ങളാണ് എല്ലാം. പൊന്നുപോലത്തെ ഈ പെണ്ണിന്റേം കൊച്ചുങ്ങളേം ഗതി.. എന്റെ കൈയ്യിൽക്കിട്ടിയാ കള്ളക്കൂട്ടങ്ങളെയൊക്കെ ഞാൻ അരിഞ്ഞുവീത്തും.. ഭാർഗ്ഗവീടടുത്ത് ഒരുത്തനും വെളച്ചിലെടുക്കൂല്ല. മക്കള് ചെല്ല്. ചെല്ലാ കൊച്ചുങ്ങളെ നന്നായിട്ട് നോക്ക്.”
അവരുടെ ഭാവം മാറിയത് പെട്ടെന്നായിരുന്നു. എന്നിട്ടും അമ്മയ്ക്ക് പേടിയൊന്നുമില്ല. ഒരുനിമിഷം,
തിരിഞ്ഞു വീടിന്റെ തിണ്ണയിലേയ്ക്കു കയറിപ്പോകുന്ന അവരെ നോക്കി അമ്മ തറഞ്ഞുനിൽക്കുന്നത് ഇന്നും ഓർമ്മയുണ്ട്.

അന്നുമുതലാണ് ഞാൻ ഭാർഗ്ഗവിയമ്മയുമായി കൂട്ടായത്; അവരുടെ കഥപറയാൻ അമ്മയെ ബുദ്ധിമുട്ടിക്കാൻ തുടങ്ങിയത്. അമ്മയ്ക്കും അതേപ്പറ്റി വലുതായൊന്നും അറിയില്ലായിരുന്നു. നല്ലനേരത്താണെങ്കിൽ അച്ഛമ്മ അരികും മൂലയുമൊക്കെ പറഞ്ഞുതരും. അതുവച്ച്‌ ഞാനൊരു കഥ തട്ടിക്കൂട്ടിയെടുത്തു. ഭാവനയുടെ അതിപ്രസരം കഥയുടെ സ്വാഭാവികത കളഞ്ഞതായി ഡയറിയിലെഴുതിയിട്ട എന്റെ കഥകണ്ട്‌ അച്ഛൻ അഭിപ്രായപ്പെട്ടു. ഭാവനയല്ല, അതിലെ സംഭാഷണങ്ങൾ യഥാർഥത്തിൽ സംഭവിച്ചതാണെന്നും ഞാൻ എല്ലാം കേട്ടുകൊണ്ടു നിൽപ്പുണ്ടായിരുന്നു എന്നും ഞാൻ അച്ഛനോടു പറഞ്ഞില്ല.
പയ്യെപ്പയ്യെ ഞാനവരുടെ വീടിന്റെ ഉമ്മറത്തൊക്കെ കയറിയിരിക്കാൻ തുടങ്ങി. അവരധികമൊന്നും സംസാരിക്കില്ല. ചിലപ്പോഴൊക്കെ എന്തെങ്കിലും കഴിക്കാനുള്ളത് വാഴയില കഴുകി വൃത്തിയോടെ അതിൽവച്ചു കൊണ്ടുത്തരും. അതുവല്ല ഉണ്ണിയപ്പമോ അടയോ ഒക്കെയാവും. എനിക്ക് ഭക്ഷണം തരുന്ന കൈയ്യിൽ ഒരിക്കൽപ്പോലും അഴുക്കുണ്ടാവില്ല, അവരുടെ മനസ്സുപോലെ..

വർഷങ്ങൾ കഴിഞ്ഞ് ആ വീടിരുന്ന സ്ഥലം താണ്ടി പോകാനിടവന്നു. അവരോടൊപ്പം ആ വീടിന്റെ മൺചുവരുകളും ഇല്ലാതായി. കളിക്കൂട്ടുകാരനായ സുഹൃത്തിന്റെ വീടിന്റെ പിറകിലെ തിണ്ണയിൽനിന്ന് മതിലിനു മുകളിലൂടെ ഞാൻ ഏന്തിവലിഞ്ഞു നോക്കി; ആദ്യമൊക്കെ ഭയപ്പെടുത്തിയിരുന്ന, പിന്നെ ഇഷ്ടത്തോടെ കയറിയിരുന്ന ആ വീടും കോലായയും അവിടെ നിന്ന് കേൾക്കുന്ന അർത്ഥമില്ലാത്ത പിറുപിറുക്കലുകളും ഇന്നും ഓർമ്മയായി എന്നിലവശേഷിക്കുന്നുണ്ടല്ലോ എന്നത് ഒരാശ്വാസം!

ബിന്ദു ഹരികൃഷ്ണൻ

error: Content is protected !!