അവൾ…..! അവളോടെനിക്ക് പറയാനുള്ളത്

……….1……..
(അവളോട്….)
” കണ്ണുനീരിനെ മറ്റേതുമല്ലാതെ കണ്ടു ശീലിച്ച നിർമ്മല ഹൃത്തടം,
പങ്കുവയ്‌പിന്റെ കമ്പോള ശാലയിൽ
ശ്രുതി മുറിഞ്ഞൊരു വായ്‌ത്താരി മൂളവേ,
ഒത്തുതീർപ്പിന്റെ വൈദഗ്ദ്ധ്യമൽപവും
തൊട്ടു തീണ്ടാത്ത
പ്രാണന്റെയഗ്നിയിൽ,
കരളു നീറ്റി മിനുക്കിയ സ്നേഹമിന്നേറ്റു വാങ്ങാതെ തണൽ ശയ്യയിങ്കൽ ഞാൻ,
പതറി നിൽപ്പുണ്ട് പതിരായുതിരും നിൻ
പ്രണയമൊഴികളെ പാടെ മറന്ന പോൽ…..

……….2……….
(അവളോട്….)
ഞാൻ,….

ഉള്ളിലാളുന്ന സന്ദേഹ ചുഴികളിൽ,
മാറ്ററിയാത്ത ചിന്താ സരണികൾ,
കൊണ്ടു പോകവേ, പറയാതെ വയ്യെന്റെ,
ഉള്ളുരുക്കത്തിൻ,
നേർമൊഴിത്താരുകൾ….
കണ്ണുനീരിൻ കലർപ്പേറെ യെങ്കിലും,
മുഗ്ദ്ധ ലാവണ്യ സാന്ധ്യ യാമങ്ങളിൽ,
നിമിഷ നേരത്ത് മറയുകിൽ കൂടിയും,
എന്റെ വനികയിൽ പൂത്തു വസന്തങ്ങൾ…
വർണ്ണമേലാപ്പിലാശക-
ളാകാശ മേടകൾ തേടി
യാത്രയാകും മുൻപേ,
സുഭഗ ഭാഷ തൻ നൂപുരം ചാർത്തി,
മൗന മുകുളങ്ങൾ
നടനമാടും മുന്നേ,
പകുതി നീർത്തിയ
മിഴിവാതിലിൽ നിന്നും,
ആദ്യപ്രണയ-
മരങ്ങൊഴിയും ദിനം,
ഓർമയിലിന്നു-
മൊഴിയാതെ നിറയുന്നു,
എന്നുമെന്നുമെൻ
ഭ്രാന്തിനെയൂട്ടുന്നു.

………3……….
ആശ്വാസങ്ങൾ…..

മന്ദഹാസം പുരട്ടിയ മുള്ളുകൾ,
ചുണ്ടമർത്തി നുകരുമെൻ പ്രാണനിൽ,
ചോർന്നു തീരാതെ ബാക്കിയാവുന്നത്,
പണ്ടൊരുണ്മയാൽ ഊട്ടിയ മാധുര്യം.

പങ്കു വയ്ക്കാൻ കരൾ ചിന്തു രാകി ഞാൻ,
ഉള്ളുരുക്കത്തിൻ
നൈവേദ്യമേകിടാം.
അഗ്നിശുദ്ധിയിൽ കറ തീർത്തു മെനയുന്ന
പൊന്നിനോളം വരില്ലെന്റെ
ചാർത്തുകൾ.
കണ്ണുനീരിൻ കടൽ കടഞ്ഞിന്നുഞാൻ,
ഹൃദയ ശംഖിനാൽ കോരിയെടുക്കുമീ,
മൊഴികളൊക്കെയൊ രുനാൾ,
നിന്നുന്മാദ
മൗന രാഗത്തിൻ പരിഭാഷയായിടാം.

………. 4……….
(അന്ത്യമൊഴി)
ഇനി, സ്വീകരിക്കുവാനാവതില്ലെങ്കിലും,
എന്റെ പ്രാണന്റെയവസാന കോണിതിൽ,
നിന്നെ മാത്രം പ്രതീക്ഷിച്ചു നിൽപ്പു, ഞാൻ
മറവിയിൽ പൂഴ്ത്തി മറചെയ്ത പ്രണയം!

ഒന്നുനോക്കുക, നിസ്സംഗമല്ലാത്ത നിന്റെ ദൃഷ്ടിയാൽ,…
ഒരു വേള, നിന്റെ സ്നേഹാർദ്രമായൊരു
നോട്ടമെൻ നെഞ്ചകം തകർത്തെന്നെ രക്ഷിച്ചിടാം!
പാപരക്തം ദുഷിച്ചൊരെൻ ദേഹത്തിൽ,
നിന്റെ കരുണ തൻ ദംശനമൊന്നിനാൽ,
മൃത്യു നൽകുക, ജീർണ്ണമെൻ ദേഹിയും
നിന്നിലൂടെ പുൽകട്ടെ, മോക്ഷത്തെ.

സതീഷ്. B. S
നെല്ലിമൂട്ടിൽ
മിതൃമ്മല.

error: Content is protected !!