കുഞ്ഞനും കോവാലനും

എണ്ണിയാലൊടുങ്ങാത്ത ചവിട്ടുപഴുതുകളുള്ള മുളയേണി.. അതങ്ങ് ആകാശത്തേയ്ക്ക് കയറിപ്പോവാനുള്ളതാണെന്നു തോന്നും നീളം കണ്ടാൽ. കൊന്നത്തെങ്ങുകളുടെ ഉച്ചിവെളുപ്പിലേയ്ക്ക് വലിഞ്ഞുകയറി അവിടെയുള്ള രണ്ടുനാലെണ്ണമെങ്കിലും വെട്ടിയിടണമെങ്കിൽ അത്രയും നീളം തന്നെ വേണം! പത്തുനാല്പതു വർഷം മുൻപുള്ള കഥയാണ്, ഇന്നത്തെപ്പോലെ തെങ്ങുകയറ്റത്തിന് യന്ത്രമൊന്നും ആയിട്ടില്ല. ഏണി കഴിഞ്ഞുള്ള ഭാഗം തളപ്പുപയോഗിച്ച് അതിസാഹസികമായാണ് അന്നൊക്കെ കയറിയിരുന്നത്. ഒരു കൊന്നത്തെങ്ങിന്റെ കടയ്ക്കൽ ചാരിവച്ച തേങ്ങവെട്ടേണിയുടെ ചുവട്ടിൽ വായും പിളർന്നുനിൽക്കുന്ന അഞ്ചുവയസ്സാവാൻ രണ്ടുമാസം ബാക്കിയുള്ള മോനുവിലൂടെയാണ് ഞാനും ഗോപാലൻ എന്ന തേങ്ങവെട്ടുകാരനെ ആദ്യം കാണുന്നത്! ആ ഏണിയിലൂടെ അനന്തവിഹായസ്സിലേയ്ക്കെന്നോണം കയറിപ്പോകുന്ന മനുഷ്യനെ തന്റെ കുഞ്ഞിക്കണ്ണുവിടർത്തി ഒട്ടൊരത്ഭുതത്തോടെയും അതിലേറെ ആരാധനയോടെയും നോക്കിക്കണ്ട മോനു, സമയം കളയാതെ തന്റെ ഏഴുവയസ്സുകാരൻ ചേട്ടൻ സോനുവിനേയും തെങ്ങിൻ ചുവട്ടിലേയ്ക്കാനയിച്ചു.
“നോക്കടാ നൂ, അയാള് കയറിപ്പോണത്! ആ മാമന് ഒരു പേടീമില്ല!”
“അതാ കോവാലൻ മാമനാണെടാ. ഇനി ഒരു മാമനും കൂടെയുണ്ട് ഇവിടെ തേങ്ങയിടാൻ. ഞാൻ മുമ്പ് വന്നപ്പ കണ്ടിട്ടൊണ്ട്. നൂനിയമ്മൂമ്മേടെ ആൾക്കാരാണ്.”
ചേട്ടൻ സോനുവിന് കുറച്ചുകൂടെ കാര്യങ്ങളറിയാം.
വേനലവധിയ്ക്ക് അമ്മാത്തേയ്ക്കു വന്നതാണ് കുട്ടിപ്പട്ടാളം.
“പിള്ളേര് തെങ്ങിന്റെ കടയ്ക്കലു നിന്ന് മാറിനില്ല്. മുകളിരിക്കുന്നവർക്ക് കാണാൻ പറ്റൂല, താഴെ ആളുനിക്കണത്. വേറെങ്ങും കണ്ടില്ല കളിക്കാൻ, തേങ്ങാ ഇടണ തെങ്ങിൻ ചുവടല്ലാതെ.”
അമ്മൂമ്മ പിള്ളേരെ വിരട്ടിപ്പറഞ്ഞയച്ചു. തെങ്ങിന്തോപ്പിൽനിന്ന് തൽക്കാലം സ്‌കൂട്ടായെങ്കിലും പിള്ളേര് വീരന്മാരായ ആ മാമന്മാരെ മറന്നില്ല.
തെങ്ങുകൃഷി അധികമുണ്ടായിരുന്ന ഒരു കാലമായിരുന്നു അത്. നാല്പത്തഞ്ചു ദിവസം കൂടുമ്പോൾ മൂന്നാലുദിവസം തുടർച്ചയായി തേങ്ങയിടീലുണ്ടാവും. കൂടുതൽ തേങ്ങയുള്ള മാസങ്ങളിലെ തേങ്ങാവെട്ടൊഴിയിൽ അഞ്ചാറാളുണ്ടാവും തെങ്ങുകയറാൻ മാത്രം. അച്ഛൻ പറയുന്നപോലെ ‘അവര് വല്യ ജന്മികളാണ്!’
വിശാലമായ മുറ്റത്തിന്റെ അരികിൽ കൂനകൂട്ടിയിട്ടിരിക്കുന്ന തേങ്ങാക്കുന്നിനു മുകളിൽ പറ്റിപ്പിടിച്ചുകയറി കൂന ഇടിച്ചുതാഴ്ത്തുന്ന കളികളിലും സോനുമോനുക്കൾ വിരുതുകാട്ടിയിരുന്നു. രണ്ടുമൂന്നു ദിവസം കഴിയുമ്പോൾ കൂനകൂട്ടിയ തേങ്ങകളൊക്കെ ആറ്റിലൊരു ചങ്ങാടമായി മാറുന്നതുകാണാം. തേങ്ങാക്കാരൻ മുളംകഴകൊണ്ടൂന്നി ഒഴുക്കു പോകുന്ന വഴിയേ താഴേയ്ക്ക് കൊണ്ടുപോകുന്നതും കാണാം. അമ്മയാണ് പറഞ്ഞത്, ദൂരെ ടൗണിൽ കൊപ്രയാക്കാൻ കൊണ്ടുപോകുന്നതാണെന്ന്. റോഡും വാഹനസൗകര്യവുമൊന്നും അത്രകണ്ടില്ലാത്ത അക്കാലത്ത് നദിക്കരികിലുള്ള സ്ഥലങ്ങളിലെ ചരക്കുഗതാഗതം ഇത്തരത്തിലായിരുന്നു. തേങ്ങയും തടിയുമൊക്കെ ചങ്ങാടമായി ആറ്റിലൂടെ ഒഴുകി പോകുന്നത് കണ്ടിട്ടുണ്ട്.
ഒരു കൂസലുമില്ലാതെ ആകാശം മുട്ടുന്ന തെങ്ങിലൊക്കെ കയറിപ്പോകുന്നവരെ കണ്ടൊന്നു പരിചയപ്പെട്ടിട്ടുതന്നെ കാര്യമെന്നുറച്ച് ചേട്ടാനിയന്മാർ വീടിന്റെ വരാന്തയിൽ കുത്തിയിരുന്നു. വല്ലപ്പോഴുമുള്ള തറവാടു സന്ദർശനമായതിനാൽ അമ്മ , ബന്ധുക്കളുമായി ലോഗ്യം പറയാൻപോയിരുന്നു. അമ്മയുടെ അമ്മയായ നൂനിയമ്മൂമ്മയുടെ ആദ്യ ഇടപെടൽ അത്രയ്ക്കങ്ങു സുഖിച്ചില്ലെങ്കിലും ധീരന്മാരായവരെ ജോലിക്കെടുക്കുന്നവരെന്ന നിലയ്ക്ക് ഒരൽപം ആദരവ് ഇരിക്കട്ടെ എന്നുവെച്ചു അൽപ്പം മുൻപു കേട്ട ശാസന പോട്ടെന്നു വച്ചു.
സമയം പതിനൊന്നോടടുക്കുന്നു. തേങ്ങയിടുന്നവരും പെറുക്കിക്കൂട്ടുന്നവരുമൊക്കെയായി അഞ്ചാറാളുകൾ മുറ്റത്തിന്റെ കോണിൽ, ഇളംതിണ്ണയ്ക്കു താഴെയായി വന്നിരുന്നു. ഇതിനിടയിൽ വേറെന്തോ അക്രമത്തിലേർപ്പെട്ടിരുന്ന അനിയനെ തട്ടിയെണീപ്പിച്ച് സോനു രംഗത്തെത്തി.
“ദേണ്ടടാ ആ മാമന്മാര്.. വാ നമുക്കു പോയി ചോദിക്കാം ഇങ്ങനെ ഉയരെ കേറിക്കേറി പോവുമ്പോ പേടിയാവൂല്ലേന്ന്.”
“എനിയ്ക്കും പേടിയൊന്നുമില്ല. വലുതാവുമ്പോ ഞാനും തെങ്ങുകയറ്റക്കാരനാവും!”
പൊങ്ങച്ചക്കാരൻ മോനു! അനിയനും ചേട്ടനും അങ്ങോട്ടുമിങ്ങോട്ടും തോളിൽക്കയ്യുമിട്ട് മുറ്റത്തെത്തി.
കുഞ്ഞനും കോവാലനും ഇളനീരുവെട്ടി കുട്ടികൾക്ക് കൊടുത്തു. വികൃതികൾ അതു കുടിക്കുന്ന നേരം കൊണ്ടുതന്നെ അവരുമായി ചങ്ങാത്തത്തിലായി. അവരുടെ ചില സംശയങ്ങൾ കേട്ടപ്പോൾ എനിക്ക് ചമ്മലു തോന്നി.
“നീ ചുമ്മാതിരിക്കെടീ.. ഞങ്ങളൊക്കെ കൂട്ടുകാരാ. അല്ലേ മാമാ? കൂട്ടാർക്ക് അങ്ങനൊക്കെ ചോദിക്കാം!”
ചില ചോദ്യങ്ങൾ വിലക്കാൻ ചെന്ന എനിക്കിട്ട് സോനു വക ചീറ്റൽ!
ഏതാണ്ട് ഇതേ സമയത്താണ് അടുക്കളയിലെ ശാരദാമ്മ ഒരു വലിയ പാത്രത്തിൽ കഞ്ഞിയും ചുമന്നുകൊണ്ട് വന്നത്. പിറകെ പുഴുക്കുമെത്തി. പണിക്കാരെല്ലാവരും അവര് കൊടുത്ത ഇലക്കുമ്പിളും പ്ലാവില കോട്ടിയതും വാങ്ങി. ശാരദാമ്മ കഞ്ഞി വിളമ്പി, ഇലക്കീറിൽ പുഴുക്കും മാങ്ങാ അച്ചാറും വിളമ്പി. ഒരു നിമിഷം സോനുമോനുക്കൾ ഇതെല്ലാം നോക്കിനിന്നു. പിന്നെ അവർ ശാരദാമ്മയ്ക്കു നേരെ തട്ടിക്കയറി. എന്താണ് തളത്തിലോ ഊണുമുറിയിലോ വച്ച് ഈ മാമന്മാർക്ക് കഞ്ഞി വിളമ്പാത്തത്? ഇവിടെയിരുന്നാൽ ഭക്ഷണത്തിൽ മണ്ണുംപൊടിയും വീഴില്ലേ? അല്ലെങ്കിലും എന്തിനാണീ ഇലയും പ്ലാവിലയുമൊക്കെ? കഞ്ഞികുടിക്കാനുള്ള സ്റ്റീലിന്റെ പാത്രങ്ങളല്ലേ അടുക്കളയിൽ അടുക്കിയടുക്കി വച്ചിരിക്കുന്നത്…?
ചോദ്യങ്ങൾ നീണ്ടുപോയപ്പോൾ ഗോപാലൻമാമൻ തന്നെ ഇടപെട്ടു.
“തെങ്ങുകയറി ആകെ വിയർത്തുകുളിച്ചല്ലേ ഞങ്ങള് വരുന്നത്. അപ്പോപ്പിന്നെ അകത്തൊക്കെ അഴുക്കുമ്പൊടിയും കൊണ്ട് കയറുന്നതു ശരിയാണോ? ഞങ്ങള്‌തന്നാ ഇവിടെ ഇരിക്കാമെന്നു പറഞ്ഞത്. കൊച്ചുങ്ങള് അകത്തുപോയി കഞ്ഞികുടിച്ചാട്ടെ. ഇപ്പൊ കരിക്കു കുടിച്ചേനെക്കൊണ്ട് വേണ്ടാരിക്കും അല്ലെ.. പിന്നെ കുടിച്ചാലും മതി.”
ആ സാന്ത്വനിപ്പിക്കലിലൊന്നും പിള്ളേര് വീണില്ലെന്ന് വ്യക്തം. ശാരദാമ്മ, ‘അടുക്കളേൽ ഒരുപാട് പണിയുണ്ട്’ എന്നു പറഞ്ഞു കൈയ്യൊഴിഞ്ഞപ്പോൾ സോനുമോനുക്കൾ അമ്മൂമ്മയെത്തേടി തളത്തിലേയ്ക്ക് മാർച്ചു ചെയ്തു.. നൂനിയമ്മൂമ്മേടെ കൈയ്യിൽ വെള്ളിപ്പിടിയുള്ള ഊന്നുവടിയുണ്ട്. ലവന്മാരെ അമ്മൂമ്മ അതുവച്ചെങ്ങാനും വീക്കുമോ എന്ന് എനിക്കു ഭയമായി. പിള്ളേരുടെ രീതികൾ അമ്മൂമ്മയ്ക്കത്ര പിടിക്കുന്നില്ലെന്ന് ഇവിടെ വന്ന ശേഷം പലവട്ടം തോന്നിയിരുന്നു.
“അതേ.. നിങ്ങളെന്താണ് കുഞ്ഞൻ മാമനെയും കോവാലൻ മാമനെയും വീട്ടിനുള്ളിൽ കയറ്റാതെ മുറ്റത്തിരുത്തി കഴിക്കാൻ കൊടുക്കുന്നത്? ഒരു വടിയുണ്ടെന്നു വച്ച് ഗമയെടുക്കുന്നോ? എനിക്കു നിങ്ങളെ പേടിയില്ല.”
മോനൂട്ടൻ ആകെ ദേഷ്യത്തിലാണ്. ദേഷ്യം വരുമ്പോൾ അവന്റെ മുഖം ചുവന്നുതുടുക്കും. അതുകൊണ്ടാണ് അച്ഛമ്മ അവനെ ചോന്നപ്പനെന്നു വിളിക്കുന്നത്.
“ഒരു ഇലയും പ്ലാവില സ്പൂണും.. എന്താ ഈ പാത്രങ്ങളിലൊക്കെ കൊടുത്താൽ? ഞങ്ങൾക്ക് അതിലല്ലേ തരുന്നത്?”
സോനു മുതിർന്നവനാണ്. കാര്യഗൗരവം കൂടും!
അമ്മൂമ്മ അവന്മാരുടെ സംസാരമൊന്നും കാര്യമാക്കാതെ അടയ്ക്ക ചെത്തിക്കൊണ്ടിരുന്നു. പുള്ളിക്കാരി വെറുതെ തലയാട്ടി, അത്രതന്നെ!
കുറേക്കഴിഞ്ഞിട്ടും പിള്ളേര് നിർത്താൻ ഭാവമില്ലെന്നുകണ്ട്‌ അമ്മൂമ്മ എന്നെ നോക്കി.
“നിന്റെ അമ്മ എവിടേടീ? ഇവന്മാർക്ക് എന്താ വേണ്ടതെന്നുവച്ചാ കൊടുക്കാൻ പറ.”
ആ അവഗണന ലവന്മാർ സഹിച്ചില്ല.
“കോവാലൻ മാമനൊക്കെ എത്ര വല്യ ധൈര്യമാണെന്നറിയോ? അവരോടു ഞങ്ങൾ പറയാൻ പോവാണ് ഇനി ഇവിടെ തേങ്ങാ ഇടാൻ വരണ്ടെന്ന്. അപ്പൊ നിങ്ങളെന്തു ചെയ്യും?”
ചെറിയവനും അങ്ങനെതന്നെയെന്ന് ചേട്ടനെ പിന്താങ്ങി.
“കോവാലൻ മാമനാ? അതിന് എനിക്കങ്ങനൊരു മോനില്ലല്ലോ, പിന്നെങ്ങനാ നിങ്ങള്ക്ക് അമ്മാവനാകുന്നത്?”
അമ്മൂമ്മ കളി പറഞ്ഞു. പിള്ളേര് അയയുന്നു മട്ടില്ല. പഞ്ചായത്തു മതിയാക്കി അമ്മയും വെളിയിലെ വിളമ്പലുകഴിഞ്ഞ് ശാരദാമ്മയും തളത്തിലേയ്ക്ക് വന്നതോടെ കേഴ്വിക്കാർ കൂടി.. പിള്ളേരുടെ ആവേശവും!
“നാളെ മുതൽ എന്റെ പാത്രത്തിൽ കോവാലൻമാമന് കഞ്ഞി കൊടുത്തോ. ചോനൂന്റെ പാത്രത്തിൽ കുഞ്ഞൻമാമനും കുടിച്ചോട്ടെ.”
“നിങ്ങക്കിവിടെ പാത്രമൊന്നുമില്ല. ഇവിടെ ഉള്ളതൊക്കെ എന്റെയാ.”
അമ്മൂമ്മയും വിട്ടുകൊടുത്തില്ല.
“മുടിയൊക്കെ വെള്ളിയാണെന്നും വച്ച് വല്യ ആളായെന്നൊന്നും വിചാരിക്കണ്ട, കോവാലൻ മാമൻ വിചാരിച്ചാ മതി ഈ വെറ്റിലയും അടക്കയുമൊക്കെ കിട്ടാതാവാന്.”
ഇതിനിടയ്ക്ക് ഇവന്മാർ വെറ്റില നുള്ളുന്നതും അടയ്ക്ക ഇടുന്നതുമൊക്കെ ശ്രദ്ധിച്ചിരുന്നു! ഇതൊന്നും ഞാൻ കണ്ടില്ലല്ലോ.. അതൊക്കെ അത്രയും അമ്മൂമ്മയ്ക്ക് മുറുക്കാണെന്നാണ് വിചാരിച്ചിരിക്കുന്നത്!
ഒരു മുൻകരുതലെന്ന നിലയിൽ അമ്മൂമ്മയുടെ ഊന്നുവടി സോനു പതിയെ കൈക്കലാക്കി. കൊച്ചുമാമൻ ഗൾഫിൽ നിന്ന് കൊണ്ടുവന്ന വടിയാണത്, പലഭാഗങ്ങളാക്കി മടക്കിവെയ്‌ക്കാവുന്ന വോക്കിങ് സ്റ്റിക്. അമ്മൂമ്മ ഇതൊന്നും ഗൗനിക്കാൻ പോയില്ല.
“നിങ്ങള് കഞ്ഞി കുടിച്ചില്ലല്ല്. ഈ സമയം നെയ്യൊക്കെ ഇട്ട് കഞ്ഞി കുടിക്കുന്നത് പിള്ളേർക്ക് നല്ലതാ. നല്ല അസ്ത്രമുണ്ട്, അതും കൂട്ടണം കേട്ടാ. നീ ഇവർക്ക് കഞ്ഞി എടുത്തുകൊട്, അലപ്പൊന്നു നിക്കട്ട്.”
അവസാന വാചകം അമ്മയോടായിരുന്നു. അമ്മ കഞ്ഞി എടുക്കാൻ തിരിഞ്ഞതും സോനു അടുത്ത വെടി പൊട്ടിച്ചു.
“ഞങ്ങളും വെളിയിലിരുന്നാണ് കഞ്ഞി കുടിക്കുന്നത്. കോവാലൻ മാമനൊപ്പം!”
ഇതെന്തൊരു കൂത്തെന്നു വാപൊളിച്ചു നിൽക്കുന്ന ശാരദാമ്മയുടെ കൈയ്യിൽ നിന്നും ബാക്കി വന്ന ഇലക്കുമ്പിളും തട്ടിയെടുത്ത് ലവന്മാർ ഉമ്മറം കടന്നുപോയി. ഞാൻ ഉമ്മറത്തെത്തുമ്പോഴുണ്ട് പിള്ളേര് കുഞ്ഞന്റെയും കോവാലന്റെയും ഇടയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.
“അതുപിന്നെങ്ങനാ..തന്തയെ കണ്ടല്ലേ മക്കള് പഠിക്കുന്നത്. ഇങ്ങനൊക്കെയേ വരൂ..”
അമ്മൂമ്മ തളത്തിൽ നിന്നിറങ്ങി വന്നു.
അങ്കലാപ്പോടെ നോക്കുന്ന പണിക്കാരെ നോക്കി അമ്മ സാരമില്ലെന്ന് ചിരിച്ചു. കുമ്പിളിലെ കഞ്ഞികുടിക്കാൻ ആദ്യമൊക്കെ ശ്രമപ്പെട്ടു എങ്കിലും ക്രമേണ ലവന്മാർക്ക് കുമ്പിളും വഴങ്ങി. എന്നിട്ടും മോനുക്കുട്ടന്റെ കുമ്പിളിലെ കഞ്ഞി മുക്കാലും താഴെവീണൊഴുകി. അടുത്ത കുമ്പിളെത്തിച്ചിട്ട് ശാരദാമ്മ താടിയ്ക്കു കൈയും കൊടുത്തു നോക്കിനിന്നു.
“അല്ലെങ്കിൽ ആഹാരം കഴിപ്പിക്കാൻ എന്തൊരു പാടാണ്‌. ഇപ്പൊ കണ്ടാ അസ്ത്രത്തിനൊന്നും ഒരു വെലക്കുമില്ല.”
അമ്മൂമ്മ ചിരിച്ചു.
പിള്ളേരുടെ കഞ്ഞികുടി പണിക്കാർ കൗതുകത്തോടെ നോക്കിയിരുന്നു.
“നാളെ രണ്ടു ചിരട്ട കൂടുതൽ എടുത്തുവയ്ക്കണം. രാവിലെ ഇവർക്ക് ചായ കൊടുത്തത് ലവന്മാര് കണ്ടില്ലെങ്കിലും ഞാൻ കണ്ടു.”
ഭീരുവായ ഞാൻ, അമ്മൂമ്മ കേൾക്കാതെ അമ്മയുടെ ചെവിയിൽ മന്ത്രിച്ചു. കുഞ്ഞനെന്നും കോവാലനെന്നും പേരുമാറ്റാൻ സോനു-മോനുക്കൾ ആലോചിക്കുന്ന വിഷയം മാത്രം ഞാനമ്മയോടു പറഞ്ഞില്ല. എന്തിന് വെറുതേ..!!

ബിന്ദു ഹരികൃഷ്ണൻ

error: Content is protected !!