ഒരു ഭ്രാന്തൻ സ്വപ്നം

ഒരു പ്രത്യേക താളത്തിൽ ഇഴച്ചുവയ്ക്കുന്നൊരു ഇടങ്കാൽ, വളരെക്കാലം പുലർകാല സ്വപ്നങ്ങളിൽ ആ നടത്തയുണ്ടായിരുന്നു. പതിയെ മനസ്സിന്റെ പടിയിറങ്ങിപ്പോയി ആ നടത്തയും അതിന്റെ ഉടമയും. പിന്നെയെപ്പോഴൊക്കെയോ അകാരണമായി വന്നുമൂടുന്ന വിഷാദമേഘങ്ങൾക്കിടയിൽ ഒഴുകി നടക്കുന്നപോലെ ആ കാലടികൾ കാണുമായിരുന്നു. തീർത്തും അവ വിസ്മൃതിയിലായിട്ട് വർഷങ്ങളായി. ഇന്നുച്ച മയക്കത്തിന് വീണ്ടും ആ താളം…..
കമ്പിളിക്കുപ്പായം തണുപ്പിനോട് അടിയറവു പറഞ്ഞിരുന്ന പുലർച്ചെകളിലാണ് തീർത്തും അപരിചിതമായ ചുറ്റുപാടുകളെ ഇണക്കിയെടുക്കാൻ സഹായിച്ചുകൊണ്ടാ കാലടികൾ അനുഗമിച്ചിരുന്നത്. സങ്കോചത്തിന്റെ മൂടുപടമിട്ട് ഞങ്ങൾക്കിടയിലെപ്പോഴും മൗനം കനത്തു കിടന്നിരുന്നു. ഔപചാരികതയിൽ ഒതുക്കുന്ന വാക്കുകൾക്കിടയിലും എന്റെ ഇടംകണ്ണിട്ട നോട്ടങ്ങൾ, മരംകോച്ചുന്ന തണുപ്പിനെ അതിജീവിച്ചു നെറ്റിയിൽ പൊടിയുന്ന വിയർപ്പു കണങ്ങളെ ഒപ്പിയെടുക്കുമായിരുന്നു. എങ്ങാണ്ടൊക്കെയോ പോയെത്താനുണ്ടെന്ന് സങ്കൽപ്പിച്ചുകൂട്ടിയെടുക്കുന്ന തിരക്ക് അഭിനയിച്ചു ഫലിപ്പിക്കാൻ പണിപ്പെടുന്നതു കണ്ടുള്ള എന്റെ ഉൾച്ചിരിയും ഓർക്കാറുണ്ടെങ്കിലും അതൊക്കെ എന്നേ മറന്നതാണെന്നാണ് ഞാനെന്നെ വിശ്വസിപ്പിച്ചിരിക്കുന്നത്. പൂർണ്ണമായും മറന്നുകളഞ്ഞെന്ന്!
ഓ! എന്തൊരു ബോറൻ സാഹിത്യം. മര്യാദയ്‌ക്കൊന്നും എഴുതാനും വരുന്നില്ലെന്ന് നിരാശയിൽ പേപ്പറു ചുരുട്ടി എറിയാൻ തുടങ്ങുമ്പോഴാണ് അനിയത്തിയുടെ രംഗപ്രവേശം.
“കളയല്ലേ… കളയല്ലേ..”
ഒറ്റ ചാട്ടത്തിന് എറിയാനോങ്ങിയ പേപ്പർ കൈക്കലാക്കി അവൾ ചുരുളു നിവർത്തി.
“യ്യോ! പഴയ പ്രണയം തന്നേ വിഷയം. എഴുതിയാട്ടെ.. എഴുതിയാട്ടെ. നിർത്തിക്കളയല്ലേ, ഒരു പൈങ്കിളി കിട്ടീട്ടെത്ര നാളായി. ഞങ്ങളിന്നലേം കൂടെ പറഞ്ഞേള്ളൂ”.
“പോടീ… ഒന്നും വരുന്നില്ല എഴുതാൻ”.
” അങ്ങനെ പറയല്ലേ. ഇതിപ്പോ എങ്ങുമെത്തീല്ലല്ലോ.വിളർത്ത നെറ്റീലെ മുഖക്കുരുക്കൾ മറന്നോ? പിന്നെ ഉഴുതുമറിച്ചിട്ട കട്ടചുവപ്പു മണ്ണിനപ്പുറത്തു ആകാശച്ചെരുവിലെ ആ ഒറ്റമരോം! തുടര്… തുടര്… ഞങ്ങളതൊക്കെ ഒന്നുകൂടെ കാണട്ടെ”.
കിട്ടിയ അവസരം മുതലാക്കി കളിയാക്കുകയാണ്.
മനസ്സപ്പോഴും ഇടതുകാലിന്റെ ആ ഈണം തേടുകയായിരുന്നു. ചാടിത്തുള്ളി നടന്നിരുന്ന എന്നെ ഒരൽപം പതിഞ്ഞു നടക്കാൻ പ്രേരിപ്പിച്ചവ. നീണ്ടു മെലിഞ്ഞ വിരലുകളെ ശ്രദ്ധിക്കാൻ തുടങ്ങിയത് അങ്ങനെയാണെന്നാണോർമ്മ, ഇഷ്ടപ്പെടാൻ തുടങ്ങിയതും..
തിരക്കുള്ള ബസ്സിൽ തലയ്ക്കുമീതെയുള്ള കമ്പിയിൽ കോർത്തിട്ടപോലെ പിടിക്കുന്ന വിരലുകൾ, നീട്ടുന്ന ചായഗ്ളാസ്സിനെ ചുറ്റിപ്പിടിച്ചിരിക്കുന്ന അറ്റം ചുവന്ന വിരലുകൾ, എന്റെ മുഖത്തിനു നേരെ ചൂണ്ടിയ, ദേഷ്യംകൊണ്ടു വിറയ്ക്കുന്ന വിരലുകൾ, ഒടുക്കമൊരു ഷേക്ക്ഹാൻഡിൽ ഒതുക്കി എന്റെ കൈയ്യിൽനിന്നൂർന്നുപോയ, എന്റെ കാഴ്ചപ്പുറത്ത് പിന്നൊരിക്കലും വരാത്ത വിരലുകൾ…
കൈകോർത്തുപിടിച്ചൊരു സന്ധ്യയിലൂടെ നടന്നുനീങ്ങുന്ന രണ്ടുപേരെ കടൽത്തീരത്തു കാണുന്നൊരു സ്വപ്നവുംഅടുത്തിടെയായി കാണാറില്ലെന്നു പറഞ്ഞപ്പോൾ അനിയത്തിക്ക് ചിരി.
“വട്ടു മൂക്കുമ്പോൾ സ്വപ്നം വരില്ല ചേച്ചീ. ഞാനങ്ങനെ എവിടെയോ വായിച്ചേക്കണ്!”
ചിലപ്പോൾ ശരിയായിരിക്കും. ഭ്രാന്തും സ്വപ്നവും ഞങ്ങളെപ്പോലെയാണ്, ഒരിക്കലും ചേർന്നുപോകാത്തവർ!

ബിന്ദു ഹരികൃഷ്ണൻ

error: Content is protected !!