അയ്യപ്പൻ

കുട്ടിയും അയ്യപ്പനും കൂട്ടുകാരായിരുന്നു. അഥവാ അവൾ അങ്ങനെ വിശ്വസിച്ചു. ഇടയകൽച്ചയുള്ള ഇരുമ്പു കമ്പിക്കൂട്ടിലിരിക്കുന്ന അയ്യപ്പനെയായിരുന്നു, പ്രധാന പ്രതിഷ്ഠയായ സർവ്വാഭരണ വിഭൂഷിതയായി അണിഞ്ഞൊരുങ്ങിയ ദേവിയെക്കാളും അവൾക്കിഷ്ടം.അമ്പലത്തിനും പ്രതിഷ്ഠകൾക്കുമൊക്കെ തനി തമിഴ് ഛായയായിരുന്നിട്ടും അയ്യപ്പൻറെ അമ്പലത്തിൽ മാത്രം അവളൊരു കേരളത്തനിമ കണ്ടു. അയ്യപ്പൻറെ സ്ഥലത്തെ പടികൾക്കു താഴെയുള്ള മാർബിളിന്റെ തണുപ്പിൽ ചമ്രം പടിഞ്ഞിരുന്ന് അവൾ അയ്യപ്പനോട് സംവദിച്ചു.സൂര്യന് കീഴെയുള്ള എന്തും വിഷയമായിരുന്നു അവർക്ക്. തൊട്ടപ്പുറത്ത് എപ്പോഴും കലപിലകൂട്ടുന്ന തമിഴ് സംഘങ്ങൾ നിരന്നിരുന്നിരുന്നു. അവ കൂട്ടുകാരുടെ സംഘങ്ങളായിരുന്നു. ചിലപ്പോഴൊക്കെ കുടുംബങ്ങളും.. കോളേജുകളോടും സ്‌കൂളുകളോടും ചേർന്നുള്ള അമ്പലങ്ങൾ,തമിഴ്‌നാട്ടിൽ വിരളമല്ലാത്ത കാഴ്ച! അവിടുത്തെ കുടുമ നീട്ടിപ്പിന്നിയ, മഞ്ഞളിൽ മുങ്ങി മുഷിഞ്ഞ മുണ്ടും പൂണൂലുമായി കോന്ത്രപ്പല്ലുകൾ കാട്ടി വഷളൻ ചിരി ചിരിക്കുന്ന പൂജാരിയെ അവൾക്കു വെറുപ്പായിരുന്നു, അയ്യപ്പനും! അയാളുടെ ചിരി അത്രയ്ക്ക് അറപ്പുളവാക്കിയിട്ടും തന്റെ ഹോസ്റ്റൽ മുറിയിലെ സുഖശീതളിമയിലിരിക്കാതെ ചൂടൻ കാറ്റേറ്റ് അമ്പലത്തിന്റെ മേൽക്കൂരയ്ക്ക് താഴെ തന്റെ വായനാസമയം അവൾ ചെലവഴിക്കുന്നത് അയ്യപ്പനോടുള്ള ഇഷ്ടം കൊണ്ട് തന്നെയായിരുന്നു.
ലോകകാര്യങ്ങൾക്കൊപ്പം വല്ലപ്പോഴുമൊക്കെ അവളുടെ സ്വകാര്യ പ്രശ്നങ്ങളും അവരുടെ സംസാരത്തിനിടയിൽ കടന്നുവന്നു. അപ്പോഴൊക്കെ അയ്യപ്പൻ മൗനം പാലിച്ചു. അതവൾക്കൊട്ടും ഇഷ്ടമല്ലെങ്കിലും ഇക്കാര്യത്തിൽ കൂട്ടുകാരന്റെ പരിമിതികൾ അറിയാമെന്നുള്ളതിനാൽ അവളതങ്ങു കണ്ടില്ലെന്നു നടിക്കുമായിരുന്നു. എന്തിനാ പാവത്തിനെ വെറുതെ വിഷമിപ്പിക്കുന്നത്.

അങ്ങനെയിരിക്കെ ഒരു പരീക്ഷാക്കാലം . അയ്യപ്പനോട് അന്നാദ്യമായി അവളൊരു അഭ്യർഥന നടത്തി. കേട്ടപടി അയ്യപ്പനതങ്ങു തള്ളുകയും ചെയ്തു. അതിപ്പടി,
” അയ്യപ്പാ അറിയാമല്ലോ.ഇത്തവണ നിർണ്ണായകമാണ് കാര്യങ്ങൾ . കാവേരീ സമരത്തിനിടയിൽ വീട്ടിൽ പോയി തിരികെ എത്താനാകാതെ നഷ്ടമായതൊരു പരീക്ഷയാണ് .റീടെസ്ട് എന്നൊരു സംഭവമില്ലാത്തതിനാൽ അപ്പോയ പേപ്പറിനുള്ളതും കൂടെ സ്കോർ ചെയ്യാനായില്ലെങ്കിൽ ഇതുവരെ പാടുപെട്ടെതെല്ലാം വെറുതെയാകും. നമ്മടെ സ്ഥാനം അടിച്ചെടുക്കാൻ തൊട്ടുചേർന്നുതന്നെ ആളുള്ള കാര്യം അറിയാമല്ലോ.?സഹായിക്കില്ലേ?”
” ഇല്ല.സഹായിക്കില്ല.”
ഹെന്ത്! ഞാനെന്തായീകേൾക്കുന്നത് ? എന്നെപ്പോലെ ഇത്രയും അടുത്തൊരു കൂട്ടിന്റെ അപേക്ഷ അരക്ഷണം പോലും ആലോചിക്കാതെ കേട്ടപാതി തള്ളുകയോ? ന്യായമിതിലെവിടെ ദൈവമേ?
“പോ പെണ്ണേ ! എനിക്ക് വേറെ ജോലിയുണ്ട്. നീയും നിന്റെയൊരു പരീക്ഷയും. നീ വേണേൽ പഠിച്ചെഴുതണം .എന്റെ ഒരു സഹായവും ഇക്കാര്യത്തിൽ പ്രതീക്ഷിക്കേണ്ട.”
അയ്യപ്പൻ കണ്ണടച്ചു യോഗനിദ്രയിലാണ്ടു. ഇനി നിന്നിട്ടു പ്രയോജനമില്ല. ഒട്ടൊരു ഇച്ഛാഭംഗവും അതിലേറെ പരിഭവവുമായി അവൾ പിറുപിറുത്തു.
“അപ്പോൾ അങ്ങനെയാണ് കാര്യങ്ങൾ. നാന്നായിപ്പോയി. ഇനി നിന്റെ കൂടെയിരുന്നു കാര്യങ്ങൾ പറയാൻ എന്നെ കൂട്ടണ്ട. നിന്റെ കൂട്ടിനി വേണ്ടേ വേണ്ട. ആവശ്യ സമയത്ത് ഉപകരിക്കാത്തവൻ എന്തൊരു കൂട്ടാടോ? അപ്രത്തെ ദേവിയേയോ ഗണപതിയേയോ മുരുകനേയോ കാണേണ്ട രീതിയിൽ കണ്ടിരുന്നെങ്കിൽ എനിക്കീ ഗതി വരില്ലായിരുന്നു. ഞാൻ പോവാണ് . നിനക്കെന്തെങ്കിലും മാനസാന്തരമുണ്ടോ?”
അവസാനത്തെ വാചകമൊരു പ്രതീക്ഷയായിരുന്നു. അവസാനത്തെ ആശ്രയം!
” ഇക്കാര്യത്തിൽ ഇല്ലേയില്ല. നിൽക്കണ്ട. സമയം കളയാതെ നടന്നോളൂ. നീ ചെയ്യാനുള്ളത് നീ തന്നെ ചെയ്യണം. അതിനു എന്റെ കൂട്ടുവേണ്ട.”
അയ്യപ്പൻ തീർത്തും കൈയ്യൊഴിഞ്ഞു. ആകെയുണ്ടായിരുന്നൊരു പ്രതീക്ഷയാണ് പടിയിറക്കി വിടുന്നത്. വൈകിയ വേളയിൽ ഇതേ നിവേദനവുമായി മറ്റുള്ളവരുടെ അടുത്തു പോകാനും തോന്നിയില്ല. അയ്യപ്പൻറെ കൂട്ടും വെട്ടി അവൾ നേരെ മുറിയിലേയ്ക്കു പോയി.
പിന്നെ കഠിന പരിശ്രമത്തിന്റെ നാളുകളായിരുന്നു അവൾക്ക് . രാത്രികൾ പകലായി. ഉറക്കം മറന്നൊരു അവസ്ഥ! വളരെ താമസിക്കാതെ തന്നെ ഫലവും കണ്ടു. പരീക്ഷാഫലം വന്ന അന്ന് ഒട്ടൊരു അഭിമാനത്തോടെ പഴയ കൂട്ടുകാരനെ തേടിയെത്തി. അടുത്തേയ്ക്കു ഒറ്റയടിയ്ക്ക് കയറി ചെല്ലാനൊരു മടി. വളഞ്ഞിരുന്നു ഭക്ഷണം കഴിക്കുന്ന കുടുംബ സംഘത്തെ നോക്കിയിരുന്നു കുറേ നേരം. അയ്യപ്പൻറെ ഭാവമറിയാൻ അഴികൾക്കിടയിലേയ്ക്ക് പാളിനോക്കി ഇടയ്ക്കിടെ. കണ്ടിട്ടും കാണാത്ത മട്ടിലിരുന്ന അയ്യപ്പൻ ആ കള്ള നോട്ടം കണ്ടപ്പോൾ അറിയാതെ ചിരിച്ചുപോയി. അവൾക്കത് മതിയായിരുന്നു ഒരു ഓപ്പണിംഗിന് . ചമ്മിയ ചിരിയോടെ അടുത്തുവരുന്ന അവളെ നോക്കി അയ്യപ്പൻ അലോഹ്യമേതുമില്ലാതെ ചിരിച്ചു. പടിക്കെട്ടിനു താഴെ പതിവുപോലെ പദ്മാസനത്തിലിരുന്ന കുട്ടിയെ നോക്കി അയ്യപ്പൻ ചോദിച്ചു,
“നിന്റെ പിണക്കം കഴിഞ്ഞില്ലേ ഇനിയും? നീ ആഗ്രഹിച്ചപോലെ തന്നെയല്ലേ പരീക്ഷാ ഫലം?”
“ഓ ..അപ്പോഴെല്ലാം അറിഞ്ഞു അല്ലെ? അത് മറന്നു…. ദൈവങ്ങളെല്ലാം അറിയുമല്ലോ. ഇതിപ്പോ നിന്റെ സഹായമാണെന്നൊന്നും പറഞ്ഞു കളയല്ലേ. ഞാനുറക്കമിളച്ചു പഠിച്ചിട്ടാ.”
“അറിയാം പൊട്ടീ.. അതല്ലേ ഞാനും പറഞ്ഞത്. നീ നിന്റെ കഴിവുകൊണ്ട് തന്നെ നേടണം. ആരുടേയും സഹായം തേടരുത്. ഞാനന്നു നിന്നെ സഹായിക്കാമെന്ന് പറഞ്ഞിരുന്നെങ്കിൽ നീയിങ്ങനെ വാശിയോടെ പഠിക്കുമായിരുന്നോ? ഇത്രയും മാർക്ക് നേടുമായിരുന്നോ? ഇല്ല. കാരണം ഞങ്ങൾ ദൈവങ്ങളുടെ സഹായത്തിനു പരിമിതികളുണ്ട് പെണ്ണേ . വല്ല ഒന്നോ രണ്ടോ മാർക്ക് അധികം നൽകാൻ മാർക്കിടുന്നവരെക്കൊണ്ട് തോന്നിപ്പിക്കാം എന്നല്ലാതെ മുഴുവൻ മാർക്കും കൊടുക്കൂ എന്നുപറയാനൊന്നും നമുക്ക് കഴിവില്ല. അത് നിങ്ങൾ മനുഷ്യർ സ്വയം തന്നെ നേടിയെടുക്കണം . നിനക്കെന്നോട് അസാരം നീരസമുണ്ടായതൊഴിച്ചാൽ കാര്യങ്ങളൊക്കെ ശുഭമായില്ലേ? “
അയ്യപ്പൻ ഉപസംഹരിച്ചു വീണ്ടും നിദ്രയിലായി. അയ്യപ്പാ നീയാണ് ശരി , യഥാർഥ കൂട്ടുകാരിങ്ങനെ വേണം എന്നൊക്കെ പറഞ്ഞു കുട്ടി തന്റെ ചമ്മലൊളിപ്പിച്ചു നിൽക്കുമ്പോഴാണ് ദീപാരാധന സമയം പൂജാരി അയ്യപ്പന് വിളക്ക് കാണിക്കാൻ വന്നത്. പതിവുപോലെ കറ പിടിച്ച പല്ലുകൾ പ്രദർശിപ്പിച്ചു ചിരിക്കുന്ന അയാളെ വെറുപ്പോടെ നോക്കി ‘അവലക്ഷണം ഇന്ന് കുളിച്ചിട്ടും കൂടിയില്ലെന്നാ തോന്നണേ . എന്തായാലും അയ്യപ്പാ നിന്റയെ വിധി ‘ എന്ന് പിറുപിറുത്തുകൊണ്ട് നടന്നുമറയുന്ന കുട്ടിയെ കണ്ടപ്പോൾ അയ്യപ്പസ്വാമിയ്ക്ക് ചിരി വന്നു.

ബിന്ദു ഹരികൃഷ്ണൻ

error: Content is protected !!