തിരയിളക്കം

അസ്തമയത്തുണ്ടുകൾ കൊണ്ട് ഹൃദയത്തിൽ ചിത്രങ്ങൾ കോറിയിടുമ്പോഴും അവളുടെ മനസ്സിലെ തിരയിളക്കം അവസാനിച്ചിരുന്നില്ല. നിലാവിനെ കുടിച്ചു വറ്റിക്കുന്ന ഈ ഭൂമിയെപ്പോലെ തനിക്കും ഈ കടലിനെ കുടിച്ചു വറ്റിക്കാനായെങ്കിലെന്ന് എത്ര ഭ്രാന്തമായ ചിന്ത.. ശരിക്കും കടലൊരു ഭ്രാന്തു തന്നെയല്ലേ.. ഒരു കൗതുകത്തിനുമപ്പുറം അഗാധമായ മൗനങ്ങളിലൊളിപ്പിച്ച എത്രയെത്ര സത്യങ്ങൾ.. ആർത്തിരമ്പി വരുമ്പോഴും അണച്ച് പിടിച്ച് ആശ്വസിപ്പിക്കാനുള്ള മനസ്സ് അവളുടേത് മാത്രമല്ലേ..
സ്വസ്ഥമാക്കപ്പെടാനാഗ്രഹിച്ച ഓരോ കടൽ കാഴ്ച്ചയും ഒരു തിരിഞ്ഞു നടപ്പായിരുന്നു. അമർത്തി ചവിട്ടിയ കാലടികൾക്കിടയിലൂടെ ഊർന്നിറങ്ങിയ മണൽത്തരികളെ തലോടി തിരിച്ചു തരുമ്പോൾ അതിനൊരിക്കലും ഒരു തുടക്കവും ഒടുക്കവും ഉണ്ടായിരുന്നില്ല. പുറന്തള്ളിയ ഓർമ്മകളിലവശേഷിച്ചത് ഒരുപാട് ബാക്കിവയ്പ്പുകളായിരുന്നു.
പിഴുതെറിയാനാവാത്ത വെമ്പലുകളെ ആയാസപ്പെടുത്താൻ താഴിട്ടുപൂട്ടിയ ചിലയിടങ്ങൾ അവൾക്കുള്ളിലുണ്ടായിരുന്നു. ഒരിക്കലും അടയാളങ്ങൾ രേഖപ്പെടുത്താതെ അഹിതമായതിനെ ഹിതമാക്കി തീർത്തു ശീലിച്ച ഇടം. തിരയിളക്കങ്ങൾക്കു മീതേ പരാതിയുടെ ഭാണ്ഡക്കെട്ടുകൾ അമർത്തി നോവിക്കാതെ .. സ്നേഹത്തിൻ്റെ നീരൊഴുക്കുകൾ മാത്രം തേടിപ്പിടിച്ച് തുറന്ന ആ കാശങ്ങളിലേക്ക് മിഴിനട്ടിരിക്കുമ്പോഴും അവളുടെ കണ്ണുകളിലൂടെ മനസ് ഉരുകിയൊലിച്ചു.
മനസിൻ്റെ അഗാധതകളിലെ വിടെയൊക്കയോ ഇട്ടിട്ടുപോയ കിളുർക്കാത്ത വിത്തുകൾ; അതെന്നും ഒരു നോവായിരുന്നു. ഒരു വിരിയലിനായുള്ള ജീവിത പരിസരങ്ങളെ കാത്ത് ശ്വാസമടക്കിപ്പിടിച്ചു കിടന്നത്. ചിലത് നഷ്ടപ്പെടലിൻ്റെ ആഴങ്ങളിലേക്ക് കൊണ്ടു പോകുന്നു. അവിടെ കിളുർ ക്കാത്ത വിത്തുകൾ കിളുർത്ത വിത്തുകൾക്ക് കാവലിരിക്കുന്നു.
എല്ലാം ഒരു കാത്തിരിപ്പാണ്.
കണ്ണുകളിൽ കടലോളം സ്നേഹം.. മനസിൽ കടലോളം വാത്സല്യം.. ഹൃദയത്തിൽ കടലോളം പ്രണയം.. കടലാഴങ്ങളിലൊളിപ്പിച്ച വേദനകൾ.. എത്ര ചാരുതയുള്ള വാക്കുകൾ .പരസ്പരം മിഴികൾ വലിച്ചെടുക്കാതെ അവളിലെ ശാന്തത എത്രമാത്രം നുകർന്നു…. എന്നിട്ടും എന്തേ .. രണ്ട് മൗനങ്ങൾക്കിടയിൽ ഇത്രമാത്രം തിരയിളക്കങ്ങൾ….. തന്നിലേക്കു ചായുന്ന മേഘക്കുഞ്ഞുങ്ങളെ ആവോളം ഏറ്റുവാങ്ങിയ അമ്മ മനസ്സ്.
കടലാഴങ്ങളിൽ നീയൊളിപ്പിച്ചു വച്ച മുത്ത് ആർക്കു വേണ്ടിയായിരുന്നു….
നിൻ്റെ വർണ്ണചെതുമ്പലുകൾക്കുള്ളിൽ നീയൊളിപ്പിച്ചു വച്ച സത്യമായിരുന്നോ എൻ്റെ ജീവിതം. സ്വർണ്ണമത്സ്യത്തെ മോഹിച്ചെത്തിയ കടൽപ്പെൺകുട്ടിക്ക് നീയെറിഞ്ഞു കൊടുത്തത് തകർന്ന ചിപ്പികളായിരുന്നില്ലേ…
അപ്പോഴും അവൾ തിരഞ്ഞത് സ്വർണച്ചെതുമ്പലുകളുള്ള ആ വർണ്ണ മത്സ്യത്തെയായിരുന്നു. അടക്കിപ്പിടിക്കാനും .. പൊട്ടിത്തെറിക്കാനും .. പരിസരം പോലും മറന്ന് ശുദ്ധയാ വാനും നിനക്ക് മാത്രമേ കഴിയൂ. നീയുപേക്ഷിച്ചു പോയ ഓരോ മണൽത്തരിയെയും മുറിവുണങ്ങാത്ത മാറിലെ സ്നേഹജ്വാലകൾ കൊണ്ട് ഞാൻ ചേർത്തു പിടിച്ചില്ലേ…
നിലാവു പൂത്ത ഒരു രാത്രിയിലല്ലേ ഞാൻ നിൻ്റെ വിരിമാറിലേക്ക് ഇറങ്ങി വന്നത്. അന്ന് നീയെന്നിലാർത്തലച്ച് പെയ്തപ്പോൾ ഞാനൊരിക്കലും സന്ദേഹിയായിരുന്നില്ല. എൻ്റെ ജലരേഖകളിൽ നിൻ്റെ ആഗ്രഹങ്ങളെ പടർത്തി ജല ഭിത്തി പണിയാമെന്ന് പലപ്പോഴും സ്വപ്നം കണ്ടിരുന്നു. ആർക്കും കടന്നു വരാനാവാതെ നമുക്ക് മാത്രമായിരിക്കാൻ.
നിനക്കാഗ്രഹം ജനിക്കുന്നിടത്ത് ഓമനിക്കാൻ ..വെറുതെ കണ്ണുകളിലേക്ക് നോക്കിയിരിക്കാൻ .. നനഞ്ഞൊഴുകി ഇല്ലാതാവാൻ ..
അന്നും അവൾ ആകാശത്തെ നോക്കി പ്രാർത്ഥിച്ചു. തന്നിൽ നിന്നും കൊഴിഞ്ഞു പോയ ഓരോ ദളവും സ്നേഹമായി മാറാൻ.. ഓരോ ഇതളിലും നന്മകളുണ്ടായിരിക്കാൻ..
പുലരികൾക്ക് നിറം വെച്ചു തുടങ്ങിയിരിക്കുന്നു. എവിടെയൊക്കയോ വച്ച് സ്വയം നഷ്ടമായിപ്പോയതിൻ്റെ വീണ്ടെടുപ്പ്. ശരീരത്തെയും മനസിനെയും അറിഞ്ഞ് ബോധത്തിലൂടെയുള്ള സഞ്ചാരം. വെളിച്ചത്തിലേക്ക് മിഴി തുറക്കുന്ന നീണ്ട പാതകൾ ..
നിറന്ന പുഷ്പങ്ങളിൽ തേൻ നുകരാനെത്തുന്ന ശലഭ കാഴ്ചകൾ.. നിറഞ്ഞൊഴുകിയിട്ടും തുളുമ്പാത്ത പുഴകൾ.. അനന്തതയില മരുന്ന നിലാകാശം’… മേഘശകലങ്ങളുടെ തണുവാർന്ന തലോടൽ .. മഴയിൽ പറ്റിപ്പിടിച്ച സംഗീതം.. ആർദ്രതയോടെ വാരിപ്പുണരുന്ന മഞ്ഞുകണങ്ങൾ ..
കൂടെയായിരിക്കുമ്പോഴും തിരിച്ചറിയപ്പെടാനാവാതെ പോയ പാരസ്പര്യത്തിൻ്റെ അണമുറിയാത്ത ധാരകളെ തിരിച്ചറിയുന്നതിലേ നിറവ്.. അതേ.. അങ്ങകലെ കടലിരമ്പം കേൾക്കുന്നു. ചവിട്ടിയരച്ച വഴികൾ പുതുനാമ്പുകൾക്കായ് കാത്തിരിക്കുന്നു..

കവിത. ബി

error: Content is protected !!