തനിച്ചിരിക്കുമ്പോൾ …

തനിച്ചിരിക്കുമ്പോൾ
വാക്കുകൾ കൊണ്ടു
പൂക്കൾ കൊരുക്കണമെന്ന്
തോന്നും…
അകലങ്ങളിലേക്ക്
കണ്ണുനട്ട്
പിറക്കാത്ത സ്വപ്നങ്ങളെ
അരുമയായ് ചേർത്തു
പിടിക്കാൻ
തോന്നും..

മഴ നനഞ്ഞ്
പുലരികളിലൂടെ
കൈവിരൽ കോർത്ത്
നടക്കാൻ
തോന്നും..
ആർദ്രതയിലമർന്നാഴ്ന്ന്
ഹിമകണങ്ങളെ
മാറോടണയ്ക്കാൻ
തോന്നും..
നിശബ്ദത കൊണ്ട്
നീ നെറുകയിലുമ്മ വയ്ക്കുമ്പോൾ
നിറന്ന പൂക്കൾ
പൊഴിഞ്ഞു വീണ
പുഴയിറമ്പിലൂടെ
മിഴിയിണ കോർത്ത്
നടക്കാൻ തോന്നും..

ഓരോ വാക്കും
നിനക്ക് പകരുമ്പോൾ
പുതുമഴയേറ്റുണർന്ന
കുഞ്ഞു പൂവായ്
ഞാനുണരും ..
എന്നിട്ടും…
എത്രയെത്ര സ്വപ്ന
സന്ദേഹങ്ങളുടെ
നീഹാര മറകൾക്ക്
അപ്പുറത്തിരുന്നാണ്
നീയെൻ്റെ ചിന്തകളെ
കോർത്തിണക്കുന്നത്..

കവിത. ബി

error: Content is protected !!