അഭിമുഖം

പേര്??

ഗതിയില്ലാതൊഴുകുന്ന പുഴയ്ക്ക്
പലനാട്ടിൽ പലതാണു പേര്.
എന്നിലൊരു കാലം
കനൽമാറ്റി ചിതയാറ്റി
ആത്മാവിലൂടൊലിച്ചു
പേരറിയാത്തവളാക്കി…
സ്വയം ഒരു പേരിടുന്നവളാക്കി …

വയസ്??

എണ്ണിയിട്ടില്ലിന്നേവരെ
നോവ് തുപ്പിയ പകലിനെ
സ്നേഹം പകർന്ന രാവിനെ
മരിച്ചിട്ടും ഉയിരുള്ള എന്നെ

ജോലി??

നോവിനെ എഴുതിവിൽക്കും
കീ കൊടുത്തോടുന്ന പാവയാകും
ആകാശത്തെ തുന്നി
കടലിനെ ഡപ്പിയിലാക്കി
മണലില്ലാതെ ചെടിമുളപ്പിക്കും

അച്ഛൻ??

മരിച്ചെന്നു പറയുന്നുണ്ട്
സർക്കാർ കടലാസ്സിൽ.
സ്വപ്നത്തെ കൊന്ന്
യാഥാർത്ഥ്യത്തിൽ മുങ്ങി
നിൽക്കക്കള്ളിയില്ലാതെ
ഒളിച്ചോടിയതെന്ന്
എനിക്കേയറിയൂ…

അമ്മ??

നിർത്താതോടുന്നുണ്ടിപ്പോഴും
മഴയത്തു മുറ്റമടിക്കാൻ,
വെയിലിൽ പുതച്ചുറങ്ങാൻ,
ചിരിച്ചുള്ളിൽ പൊട്ടിക്കരയാൻ..

പ്രണയം??

മുറിവേറ്റവരുടെ
പരസ്പരപ്രണയത്തിൽ
വ്രണമുണക്കാൻ
വീശിയ വിശറിത്തുമ്പേറ്റുമരിച്ച്
കെട്ടിപ്പിടിക്കാതെ
പിരിഞ്ഞവർ

പങ്കാളി??

ഇറക്കാനാകാത്തൊരു
ചുമട് തലയിലും
പാതിനെഞ്ചിലും
മാറിമാറി ചുമന്ന്
മുഖം കൂർത്തിരുപ്പുണ്ട്
തിണ്ണയിൽ..

മക്കൾ??

പറന്നുയരാറുണ്ട് വീട്ടിലും
അവർ കെട്ടിയ ചിറയിലും.
കരഞ്ഞൊതുങ്ങുന്നുണ്ട്
ഓന്റെ കുടിയിലും
തളയ്ക്കാനാകാത്ത കരളിലും

ആഗ്രഹം??

ആത്മകഥ നുണയില്ലാതെഴുതണം
അച്ചടിക്കാതെ വിൽക്കണം
വായിക്കാതെ നുണയെന്ന് പറയണം
ഒടുവിലൊരു മൂലയിൽ ഒതുക്കണം

മരണം??

നിങ്ങൾക്കൊപ്പം
നിങ്ങളായ് ജീവിച്ച്
ഇന്നലെ മരിച്ചതോ????

ദത്താത്രേയ ദത്തു

error: Content is protected !!