സർവ്വം ശിവമയം

രാത്രിയുടെ ഇരുണ്ടയാമങ്ങളിൽ ചിന്തകളുടെ വേലിയേറ്റത്തിനൊടുവിൽ സദാശിവൻപിള്ള ദൈവത്തെ തേടിയിറങ്ങാൻ തീരുമാനിച്ചു. തലേന്ന് വൈകുന്നേരം അമ്പലത്തിൽ നടന്ന മതപ്രഭാഷണമാണ് ഈശ്വരനെ തേടാൻ പ്രേരിപ്പിച്ചതെന്ന് പറയാമെങ്കിലും ശരിയായ കാരണം മറ്റൊന്നാണ്! തന്റെ പകുതിപോലും സാമ്പത്തികമില്ലാത്ത, ഉന്നതകുല ജാതനല്ലാത്ത അയ്യപ്പൻ കൈലാസത്തിൽ പോയി വന്നതും, അമ്പലകമ്മിറ്റി ആദരിച്ചതുമാണ് പ്രധാനകാരണം. അസൂയ മനസ്സിനെ അസ്വസ്ഥമാക്കുന്നു. നേരെ കാശിയിലേക്ക് പോകാം. എല്ലാവരും പുണ്യം തേടി പോകുന്നത് അങ്ങോട്ടാണല്ലോ! അവിടുന്നു കൈലാസം, അത് പക്ഷെ ആരോടും പറയുന്നില്ല. പോയി വന്നിട്ട് എല്ലാവരും അറിഞ്ഞാൽ മതി. കൊച്ചിയിൽ നിന്ന് ഫ്ലൈറ്റിൽ ഡൽഹി, അവിടെനിന്ന് കാശിയിലേക്ക്. രാവിലെ നാലുമണിക്ക് കുളിച്ച് ശുദ്ധനായി അമ്പലത്തിൽ പോയി വഴിപാട് കഴിക്കണം യാത്രക്ക് തടസ്സമുണ്ടാവാതിരിക്കാൻ. എന്നിട്ട് ടിക്കറ്റ് ബുക്ക്‌ ചെയ്യാം, പറ്റുമെങ്കിൽ മറ്റന്നാൾ തന്നെ പോകണം. മനസ്സിലെല്ലാം ഉറപ്പിച്ച് ശാന്തനായി കണ്ണടച്ചു.

നാലുമണിക്ക്‌ ഓംകാരം മുഴക്കി അലാറം അടിച്ചു തുടങ്ങി. നേരെ കുളിമുറിയിൽ കയറി പ്രഭാതകർമങ്ങൾ കഴിച്ചു. ഷവറിൽ നിന്ന് വെള്ളം ദേഹത്ത് വീണപ്പോൾ ശരീരം കിടുങ്ങിപോയി. നല്ല തണുപ്പ്. കുളിച്ചെന്നു വരുത്തി ശരീരം തുടച്ച് പുറത്തിറങ്ങി, ഉണങ്ങിയ മറ്റൊരു ബാത്ത്ടവൽ ചുറ്റി. ആശ്വാസം! അലമാര തുറന്നു. തേച്ച് അടുക്കിയിട്ടിരിക്കുന്ന മുണ്ടുകളും ഷർട്ടുകളും. അമ്പലത്തിലേക്ക് ആയത് കൊണ്ട് ചന്ദനകളർ പട്ട് ജുബ്ബയും മുണ്ടും എടുത്തു. നേരത്തേ അമ്പലത്തിൽ ഒരു പരിപാടിക്ക്‌ ഇട്ടതാണ്. ഡ്രൈക്‌ളീൻ ചെയ്തിട്ടില്ല. അമ്പലത്തിൽ പോയപ്പോൾ ഇട്ടത് വീണ്ടും ഇടാം. കുഴപ്പമില്ല. അയാൾ വസ്ത്രം ധരിച്ച് തയ്യാറായി. ഉറങ്ങാൻ നേരം മേശപ്പുറത്ത് അഴിച്ചു വച്ച മാലയും കൈ ചെയ്യിനും നവരത്ന മോതിരവും വജ്രമോതിരവും മറക്കാതെ അണിഞ്ഞു പ്രൗഢിയോടെ തന്റെ ബെൻസ് കാറിൽ അമ്പലത്തിലേക്ക് യാത്ര തിരിച്ചു.

ഏറ്റുമാനൂർ അമ്പലത്തിന്റെ പാർക്കിങ്ങിൽ കാർ ഒതുക്കി അമ്പലത്തിലേക്ക്‌ നടന്നു. അയാളുടെ തിളങ്ങുന്ന ജുബ്ബയിൽ അപ്പോഴും അണഞ്ഞിട്ടില്ലാത്ത സ്ട്രീറ്റ് ലൈറ്റിന്റെ വെട്ടം സ്വർണ്ണ വർണ്ണങ്ങൾ തീർത്തു. അമ്പലത്തിനു മുന്നിൽ സമയം തെറ്റാതെ കൃത്യമായി സ്ഥാനം ഉറപ്പിച്ച ഭിക്ഷക്കാർ തിളങ്ങുന്ന ജുബ്ബയിൽ കണ്ണുറപ്പിച്ച് മനസ്സിൽ സ്വപ്നങ്ങൾ നെയ്യാൻ തുടങ്ങി. തിളക്കം കൂടുതൽ ഭിക്ഷക്കാരുടെ കണ്ണുകളിൽ ആയിരുന്നോ, അതോ അയാളുടെ ജുബ്ബയിലായിരുന്നോ എന്നുള്ളത് ഒരു ചോദ്യമായി അവശേഷിക്കട്ടെ!
“മഹാദേവൻ അനുഗ്രഹിക്കും സാറെ…എനിക്ക് വല്ലതും തന്നു സഹായിക്കണേ” എന്ന് പറയുമ്പോൾ ഭിക്ഷക്കാരൻ എന്നു മാത്രം ആളുകൾ പറയുന്ന, എന്നാൽ കേശവൻ എന്ന് സ്വന്തമായി ഒരു പേരുള്ള ആ മനുഷ്യന്റെ ഉള്ളിൽ, ഈ പണക്കാരൻ വല്ലതും തന്ന് സഹായിക്കണേ, എന്ന പ്രാർത്ഥന നിറഞ്ഞുനിന്നു, ഒപ്പം വീട്ടിൽ വയ്യാതിരിക്കുന്ന അമ്മയുടെ മുഖവും. ഇന്ന് കിട്ടുന്ന കാശുകൊണ്ട് വേണം അമ്മയ്ക്ക് വയറു നിറച്ചും ഭക്ഷണം കൊടുക്കാൻ. തന്റെ തിളങ്ങുന്ന മുണ്ട് ഭിക്ഷക്കാരന്റെ ശരീരത്തിൽ തട്ടി അശുദ്ധമാവാതിരിക്കാൻ ശ്രദ്ധിച്ചു പിള്ള മുന്നോട്ട് നടന്നു. രണ്ടടി മുന്നോട്ടു വച്ചപ്പോഴാണ് ദൈവത്തെ തേടി ഇറങ്ങുന്ന കാര്യം ഓർമ്മ വന്നത്. പിന്നൊട്ടും മടിച്ചില്ല, തിരിച്ചുവന്ന് തന്നെ പ്രതീക്ഷയോടെ നോക്കിയ ഭിക്ഷക്കാരന്റെ പാത്രത്തിലേക്ക് ഒരു അഞ്ഞൂറിന്റെ നോട്ട് ഇട്ട് തല ഉയർത്തി അന്തസ്സോടെ നിലയിറപ്പിച്ചു. 500 രൂപയിലെ ഗാന്ധിതലയുടെ അതേ ചിരി കേശവന്റെ മുഖത്ത് തെളിഞ്ഞു.

“സാറിനെ ദൈവം അനുഗ്രഹിക്കും “
താണു വീണയാൾ പറഞ്ഞു. ഒരിത്തിരി ഗർവോടെ പിള്ള മറ്റു ഭിക്ഷക്കാരെ നോക്കി. ഓരോ കണ്ണുകളും പ്രതീക്ഷയോടെ തിളങ്ങി നിന്നു. ഓരോ 500 രൂപ നോട്ട് മറ്റു രണ്ടുപേർക്കും കൂടി നൽകി. തന്റെ ഉദാര മനസ്സിനെ അങ്ങേയറ്റം പുകഴ്ത്തിക്കൊണ്ടിരുന്ന ഭിക്ഷക്കാരുടെ ഇടയിൽ നിന്ന് ഒരു ഹീറോ പരിവേഷം ഉള്ളിൽ വരിച്ച്, തലയുയർത്തി തിളങ്ങുന്ന മുണ്ട് അശുദ്ധമാവാതിരിക്കാൻ ഒന്നുകൂടി ഒതുക്കിപ്പിടിച്ച് പിള്ള നടന്നു. രാവിലെ മൂന്നുമണിക്ക് അമ്പലക്കുളത്തിൽ മുങ്ങി നിവർന്ന് ഇട്ടിരുന്ന ഒരേയൊരു വസ്ത്രം അലക്കി പിഴിഞ്ഞ് ധരിച്ച കേശവൻ പിള്ളയുടെ ദേഹത്ത് മുട്ടാതെ ഒതുങ്ങിയിരുന്നു.

അമ്പലത്തിന്റെ ഗോപുര നടയുടെ അടുത്ത് ചെരുപ്പൂരി ഇടുമ്പോഴാണ് രാവിലെ ഇറങ്ങുന്ന തിരക്കിൽ രണ്ടുദിവസം മുൻപു മാത്രം വാങ്ങിയ ഏറ്റവും പുതിയ മോഡൽ, അതും 5000 രൂപ വില വരുന്ന, ചെരുപ്പാണ് തന്റെ കാലിൽ എന്നയാൾ ഓർത്തത്. ഊരിയിട്ട ചെരുപ്പിനൊപ്പം പിള്ളയുടെ മനസ്സമാധാനം ഊരിപ്പോയി. ആരെങ്കിലും എടുത്താൽ രൂപ അയ്യായിരം തീർന്നു. ചുറ്റും നോക്കി. നിർമാല്യത്തിന്റെ സമയമായതിനാൽ തിരക്കില്ല. ആരും ചെരുപ്പ് എടുക്കില്ലെന്നാശ്വസിച്ചു മുണ്ട് പൊക്കിപ്പിടിച്ച് ശ്രദ്ധയോടെ പടിയിറങ്ങി.

ഗോപുര നടയിൽ തൊട്ടു തൊഴുത് അകത്തുകയറി. വഴിപാട് കൗണ്ടർ തുറന്നിട്ടുണ്ട്. ഒരു ദിവസപൂജ നടത്തിക്കളയാം എന്ന ചിന്തയോടെ കൗണ്ടറിൽ എത്തി ഒരു ദിവസത്തെ മുഴുവൻ പൂജയ്ക്കുള്ള ചീട്ടുക്കുറിച്ചു. പിന്നെ വഴിപാട് കൗണ്ടറിലെ ബോർഡിലേക്ക് നോക്കി ഏറ്റവും കൂടുതൽ കാശ് വരുന്ന ഏതാനും ചില വഴിപാടുകൾക്കും കൂടി ചീട്ടുമുറിച്ചു. പേഴ്സിൽ നിന്നും ഒരു കനത്ത തുക കൗണ്ടറിൽ ഇരുന്ന ആൾക്ക് നേരെ നീട്ടുമ്പോൾ പിള്ളയുടെ ഹൃദയം നിറഞ്ഞിരുന്നു. ബാക്കി തുകയും ചീട്ടും നീട്ടി കൗണ്ടറിൽ ഇരിക്കുന്ന നാണു നായർ പിള്ളയെ നോക്കി മുപ്പത്തിരണ്ട് പല്ലുകളും കാണിച്ചുചിരിച്ചു. തിരിഞ്ഞു നടക്കുമ്പോഴാണ് സൈഡിൽ വച്ചിരിക്കുന്ന ബോർഡിൽ “31 ഡിസംബർ 2022, ദിവസപൂജ, രമേശൻ നായർ, പാഞ്ചജന്യം” എന്ന ബോർഡ് ശ്രദ്ധിച്ചത്. നാളെ ഈ സ്ഥാനത്ത് “സദാശിവൻ പിള്ള, കിഴക്കേടത്ത്” എന്ന പേര് വരും. നാളെ അമ്പലത്തിൽ വരുന്ന എല്ലാവരും അത് ശ്രദ്ധിക്കും, അത് മതി, അയാൾ നിറഞ്ഞ ചിരിയോടെ നടന്നു

കാലിൽ കുത്തി കയറുന്ന ചരൽ കല്ലുകളെ ചീത്ത പറഞ്ഞുകൊണ്ട് കല്ലുപാകിയ പ്രദക്ഷിണ വഴിയിലേക്ക് കയറി. ചരൽക്കല്ലിൽ ചവിട്ടി പുകഞ്ഞ പാദങ്ങൾ കല്ലുപാകിയ വഴിയിലെ തണുപ്പിൽ ആശ്വാസം കൊണ്ട് അടി വച്ച് നടന്നു തുടങ്ങി. കൊടിമരത്തിന്റെ മുകളിലേക്ക് കണ്ണുകൾ ഉയർത്തി നോക്കി പ്രാർത്ഥിച്ച ശേഷം, എന്തിനാണ് എല്ലാവരും കൊടിമരം നോക്കി പ്രാർത്ഥിക്കുന്നത് എന്ന ചിന്തയെ വകഞ്ഞു മാറ്റി ഓം നമശിവായ ചൊല്ലാൻ അശ്രാന്ത പരിശ്രമം നടത്തി. നടന്നു നടന്ന് കൃഷ്ണന്റെ അമ്പലത്തിലേക്ക് പോകാനുള്ള പടിക്കെട്ടിനടുത്തെത്തിയപ്പോൾ, ഓം നമശിവായക്ക് വിശ്രമം കൊടുത്ത്, കൃഷ്ണാ .. ഗുരുവായൂരപ്പാ… എന്ന് നീട്ടി വിളിച്ചു. ശിവനെ തൊഴുതിറങ്ങിയിട്ട് വേണം കൃഷ്ണന്റെ അമ്പലത്തിൽ കയറി കുറെ വഴിപാടുകൾ കഴിക്കാൻ. അതും മനസ്സിൽ ഉറപ്പിച്ചു കൃഷ്ണന്റെ നടയിൽ നിന്നും കണ്ണുകൾ സർപ്പാക്കാവിന് നേരെ നീട്ടി നടന്നു.

പ്രദക്ഷിണ വഴിയിലെ കൽപാളികളിൽ തന്റെ അച്ഛന്റെ പേര് ആലേഖനം ചെയ്തത് കണ്ട് അയാൾ അഭിമാനംകൊണ്ടു. അമ്പലത്തിന്റെ നവീകരണ വേളയിൽ നൽകിയതാണ്. ഈ വഴിയിലൂടെ നടന്ന ആളുകളൊക്കെ ഈ പേര് കണ്ടിട്ടുണ്ടാവും! ജനാർദ്ദൻ പിള്ള, കിഴക്കേടത്ത് എന്ന പേരിൽ ചവിട്ടി സന്തോഷത്തോടെ വീണ്ടും ഓം നമശിവായയിൽ മനസ്സുറപ്പിച്ച് അയാൾ മുന്നോട്ട് നടന്നു. മഞ്ഞള്‍ വീണു തലയുയർത്തി നിൽക്കുന്ന നാഗ ദൈവങ്ങളെ നോക്കി എന്ത് പ്രാർത്ഥിക്കും എന്നറിയാതെ ഒരു നിമിഷം നിന്നിട്ട് “ദൈവമേ കാത്തോളണേ” എന്ന ഒറ്റ വാക്യത്തിൽ ആ സംശയം ഒതുക്കി പോക്കറ്റിൽ നിന്നും ആദ്യം കിട്ടിയ നോട്ട് ദക്ഷിണ ഇട്ടു. പ്രദക്ഷിണം പൂർത്തിയാക്കി വീണ്ടും കൊടിമരച്ചോട്ടിൽ എത്തിയപ്പോഴേക്കും കണ്ണുകൾ നിർബന്ധമായും താഴ്ത്തി നോക്കി എന്ത് പ്രാർത്ഥിക്കും എന്ന ചോദ്യം ഒഴിവാക്കി അമ്പലത്തിനകത്തേക്ക് കയറി.

കയ്യിൽ ഊരിയിട്ട ജുബ്ബ കത്തി നിൽക്കുന്ന വലിയ വിളക്കിന്റെ പ്രകാശത്തോടൊപ്പം മത്സരിച്ചു തിളങ്ങി. ജുബ്ബയിൽ വിളക്കിലെ എണ്ണ പറ്റാതിരിക്കാൻ എത്രയും ശ്രദ്ധിച്ചു ‘മഹാദേവാ’ എന്ന്‌ നീട്ടി വിളിച്ച് തന്റെ വലതുകാൽ അകത്തമ്പലത്തിലേക്ക് എടുത്തു വച്ചു. രാവിലെതന്നെ കൂവള മാല കെട്ടി തുടങ്ങിയ ജാനകിയമ്മ, കഴുത്തിൽ കനം കൂടിയ സ്വർണ്ണമാല അണിഞ്ഞ, പണക്കാരനാണ് എന്ന് നടപ്പിലും എടുപ്പിലും പ്രതിഫലിപ്പിക്കുന്ന പിള്ളയെ, പ്രതീക്ഷയോടെ നോക്കി. ആ പ്രതീക്ഷ ദൈവം കൈവിട്ടില്ല! ആഗ്രഹിച്ചത് പോലെ അയാൾ കൂവള മാലയ്ക്ക് നേരെ കൈനീട്ടി. കൈനീട്ടം കിട്ടിയ ആശ്വാസത്തിൽ ജാനകിയമ്മ കെട്ടിവെച്ചതിൽ ഏറ്റവും നല്ല മാല പിള്ളയ്ക്ക് നേരെ നീട്ടി. ശ്രീകോവിലിനടുതെത്തി മാലയും വഴിപാടിന്റെ ചീട്ടും നടയിൽ വച്ച് വിഗ്രഹത്തിലേക്ക് നോക്കി കണ്ണുകൾ അടച്ച് പ്രാർത്ഥിച്ചു. ദൈവത്തിന്റെ തൊട്ടുമുന്നിൽ എത്തിയതിനാൽ ആ മനസ്സിൽ ശരിക്കും ഭക്തി നിറഞ്ഞിരുന്നു “ദൈവമേ കാത്തോളണേ”. ശ്രീകോവിലിനു ചുറ്റും പ്രദക്ഷിണം വയ്ക്കാൻ തിരിഞ്ഞപ്പോൾ തൊട്ടുപിറകിലായി യക്ഷി പ്രതിഷ്ഠ കണ്ടയാൾ കൈകൂപ്പി പെട്ടെന്ന് മാറി.

ആളുകളുടെ എണ്ണം കൂടി തുടങ്ങിയിരുന്നു.
ആരെയും തട്ടാതെ വഴി ഒതുങ്ങി നടന്നു അയ്യപ്പന്റെ മുന്നിൽ എത്തിയപ്പോൾ എല്ലാ മലയാളികൾക്കും സ്ഥിരമായി അറിയാവുന്ന ഭക്തിഗാനങ്ങളും ശ്ലോകങ്ങളും ഒക്കെ മനസ്സിൽ നിറഞ്ഞു, “ഗംഗയാറു പിറക്കുന്നു ശബരിമലയിൽ ” എന്ന പാട്ട് ആ ചിന്തകളിൽ മുന്നിട്ടുനിന്നു. യേശുദാസിന്റെ മധുര ശബ്ദം! വലം വയ്ക്കുമ്പോൾ അത് മാത്രമായി മനസ്സിൽ. ഏതൊരു വിശ്വാസിയെയും പോലെ അയാളും പതിയെ ഭക്തിയുടെ വലയത്തിൽ അലഞ്ഞു. വീണ്ടും ശ്രീകോവിലിനു മുന്നിലെത്തിയപ്പോൾ എല്ലാം മറന്ന് കണ്ണടച്ച് കൈകൂപ്പി നിൽക്കുന്ന ഒരു സ്ത്രീ രൂപം വഴി തടസ്സമാക്കി. അവളുടെ കവിളിലൂടെ ഒഴുകുന്ന കണ്ണുനീർത്തുള്ളി വിളക്കിന്റെ പ്രകാശം ചേർന്ന് ജ്വലിക്കുന്നു. ഒരു നിമിഷം അയാൾ അവരെ തന്നെ നോക്കി പ്രാർത്ഥിക്കാൻ മറന്നു നിന്നു. കൂപ്പ് കൈ നിവർത്തി അവൾ ഒരു താലി ഭണ്ഡാരപ്പെട്ടിയിൽ ഇട്ടു. കണ്ണുനീർ തുടച്ചു നടന്നകന്ന അവളെ നോക്കി സംശയം നിറഞ്ഞ മനസ്സുമായി താൻ ദൈവത്തെ തേടി ഇറങ്ങിയതാണെന്ന കാര്യം വിസ്മരിച്ചു യാദൃശ്ചികമായി രണ്ടാം പ്രദക്ഷിണം തുടങ്ങി.

പ്രദക്ഷിണ വഴിയിൽ നിറം മങ്ങിയ കൈലിമുണ്ട് ധരിച്ച് പ്ലാസ്റ്റിക് സഞ്ചിയും ഷർട്ടും ഒരു കൈയിൽ മുറുകെപ്പിടിച്ച് നടക്കുന്ന ചെറുപ്പക്കാരനെ കണ്ട് സംശയത്തോടെ കയ്യിലിട്ടിരിക്കുന്ന ജുബ്ബയുടെ പോക്കറ്റിൽ കിടക്കുന്ന പേഴ്സ് ഒന്നുകൂടി അടുപ്പിച്ചു പിടിച്ചു. ആ ചെറുപ്പക്കാരനിൽ നിന്നും ഒരു കൃത്യമായ അകലം പാലിച്ച് രണ്ടാം പ്രദക്ഷിണം തുടങ്ങി. മകളുടെ ഒന്നാം പിറന്നാളിന് ഏറ്റുമാനൂരിൽ വഴിപാട് കഴിക്കാൻ എത്തിയ ഷാജിയുടെ കണ്ണിൽ തന്നെ സസൂക്ഷ്മം വീക്ഷിക്കുന്ന പിള്ള പതിഞ്ഞില്ല. അമ്പലത്തിൽ നിന്നും സമയത്തിനിറങ്ങിയില്ലെങ്കിൽ കിട്ടാതെ പോകുന്ന ബസ്സും, വൈകി പണിക്കെത്തിയാൽ സൂപ്പർവൈസറുടെ അടുത്ത് നിന്നും കിട്ടുന്ന ചീത്തയും, വൈകുന്നേരം സൂപ്പർവൈസറിനോട് അഡ്വാൻസായി വാങ്ങേണ്ട രൂപയും, അതുകൊണ്ട് മോൾക്ക് വാങ്ങുന്ന പിറന്നാൾ സമ്മാനവും മനസ്സിൽ നിറഞ്ഞു നിന്നു. ഇതൊന്നുമറിയാതെ ഷാജിയുടെ പുറകിൽ മനസമാധാനം നഷ്ടപ്പെട്ട് പ്രദക്ഷിണം പൂർത്തിയാക്കി പിള്ള വീണ്ടും ശ്രീകോവിലിന്റെ മുന്നിലെത്തി. കയ്യിൽ പിടിച്ചിരുന്ന ഒരു രൂപ നാണയം ഭണ്ഡാരത്തിലിട്ട് മകൾ ചിന്നുവിനു വേണ്ടി കണ്ണടച്ച് മനസ്സുരുകി പ്രാർത്ഥിച്ചുനിൽക്കുന്ന ഷാജിയെ നോക്കി കണ്ണടയ്ക്കാൻ പേടിച്ച് പിള്ള പുറകിലായി നിലയുറപ്പിച്ചു. കണ്ണുതുറന്ന് പ്ലാസ്റ്റിക് സഞ്ചിയും ഷർട്ടും കൈയിൽ ഒന്നുകൂടി ഇറുക്കിപ്പിടിച്ച് ബസ് പിടിക്കണം എന്ന ലക്ഷ്യവുമായി പ്രദക്ഷിണം ഒന്നിലൊതുക്കി ഷാജി ഒരു മിന്നായം പോലെ അകത്തമ്പലത്തിൽ നിന്നും അപ്രത്യക്ഷമായി.

ഒരാശ്വാസത്തോടെ പിള്ള തന്റെ മൂന്നാമത്തെ പ്രദക്ഷിണം തുടങ്ങി. ഏകദേശം ഒരു വയസ്സു മാത്രം പ്രായം വരുന്ന ഒരു കുഞ്ഞ് അച്ഛന്റെ കയ്യിലിരുന്ന് അയാളെ നോക്കി കുഞ്ഞിക്കണ്ണിറുക്കി ചിരിച്ചു. മഹാദേവനെ നോക്കിയിരുന്ന നന്ദിയെ തൊഴാൻ മറന്ന് അയാൾ ആ ചിരിയിൽ ആകൃഷ്ടനായി. കുടുകുടെ ചിരിച്ചുകൊണ്ട് കുഞ്ഞ് അയാൾക്ക് നേരെ കൈ നീട്ടി ചാടി. വിദേശത്തുനിന്നും ആഴ്ചയിൽ ഒരിക്കൽ മാത്രം വീഡിയോ കോളിൽ കാണുന്ന പേരക്കുട്ടിയെ ഓർത്തു വാത്സല്യത്തോടെ കുഞ്ഞു കയ്യിൽ സ്പർശിച്ചുകൊണ്ട് യാന്ത്രികമായി വലം വച്ചു. ആ കുഞ്ഞിന്റെ മുഖത്ത് കണ്ട നിഷ്കളങ്ക ഭാവത്തിൽ അയ്യപ്പനെ തൊഴാനും മറന്നു പോയി. ശ്രീകോവിലിനു മുന്നിലെ അലങ്കാരങ്ങളിൽ കുഞ്ഞുകണ്ണു വിടർത്തി തെരുതെരെ നോക്കി ചിരിച്ചുകൊണ്ട് വീണ്ടും തന്നെ നോക്കിയ കുഞ്ഞിന്റെ മുഖത്ത് ശ്രീകോവിലിനുള്ളിലെ വിഗ്രഹത്തേക്കാളും തേജ്ജസ്സ് കണ്ടു പിള്ള കണ്ണെടുക്കാനാവാതെ നിന്നു. അച്ഛനൊപ്പം അടുത്ത പ്രദക്ഷിണത്തിനായി നടന്ന ആ കുഞ്ഞിനെ വേദനയോടെ നോക്കി മൂന്നു പ്രദക്ഷിണങ്ങളും പൂർത്തിയാക്കി പുറകോട്ട് അടി വച്ച് പുറത്തെ പ്രദക്ഷിണ വഴിയിലേക്ക് ഇറങ്ങുമ്പോൾ അയാളുടെ മനസ്സ് ശൂന്യമായിരുന്നു.

പ്രദക്ഷിണ വഴിയിൽ പരിചിതമുഖങ്ങളെ കണ്ടപ്പോൾ അയാളുടെ ഗർവുയർന്നു. തന്നെ ബഹുമാനത്തോടെ നോക്കുന്ന മുഖങ്ങളെ ഒരു ഗമയുള്ള നോട്ടത്തിൽ തഴുകി നടക്കുന്ന തിരക്കിൽ കൃഷ്ണന്റെ അമ്പലത്തിൽ തൊഴാൻ അയാൾ മറന്നു. തിളങ്ങുന്ന ജുബ്ബ എടുത്തണിഞ്ഞ് പോക്കറ്റിൽ പേഴ്‌സ് ഉണ്ട് എന്ന് ഉറപ്പുവരുത്തി അഴിച്ചിട്ട ചെരുപ്പ് അവിടെത്തന്നെയുണ്ടോ എന്നറിയാനുള്ള തിടുക്കത്തിൽ നടന്നു. തന്റെ ചെരുപ്പിനടുത്ത് വട്ടം തിരിയുന്ന ഒരു ഭിക്ഷക്കാരനെ കണ്ട് പിള്ളയുടെ ഹൃദയമിടിപ്പ് കൂടി. ചെരുപ്പിൽ തന്നെ കണ്ണുറപ്പിച്ച് വേഗം നടന്നു. പെട്ടെന്ന് നെഞ്ചിൽ ഒരു പിടിത്തം. നെഞ്ചിൽ കൈവച്ചു ഒരു നിമിഷം നിന്നു. സഹിക്കാൻ വയ്യാത്ത വേദന! ശരീരം കുഴയുന്നു. അയാൾ വിയർത്തു, തല കറങ്ങി. അമ്പലത്തിനു പുറത്തിറങ്ങിയ പിള്ളയെ രാവിലെ 500 രൂപ തന്ന ആൾ എന്ന ആരാധനയോടെ നോക്കി നിന്ന കേശവൻ ആ ഭാവമാറ്റം കണ്ട് അപകടം തിരിച്ചറിഞ്ഞു. പുറകോട്ട് മറിഞ്ഞു വീഴാൻ പോയ പിള്ളയെ അയാൾ തന്റെ നെഞ്ചിൽ താങ്ങി. അടഞ്ഞു തുടങ്ങിയ പിള്ളയുടെ കണ്ണുകൾ കേശവനെ ദയനീയമായി ഒന്നു നോക്കി, അയാളുടെ നെഞ്ചിലേക്ക് ചാഞ്ഞു. കയ്യിൽ നിന്നും താഴെ വീണ ഒറ്റ രൂപ നാണയം തിരഞ്ഞുകൊണ്ടു പിള്ളയുടെ ചെരുപ്പിനരികിൽ നിന്ന നാരായണനും പിള്ളയുടെ വീഴ്ച കണ്ട് പറന്നെത്തിയിരുന്നു. തന്റെ കന്നി ഓട്ടം നന്നാവാൻ പ്രാർത്ഥിക്കാൻ എത്തിയ സുരേഷ് പ്രാർത്ഥന മാറ്റിവെച്ച് കേശവന്റെയും നാരായണന്റെയും സഹായത്തോടെ പിള്ളയെ തന്റെ ഓട്ടോയിൽ കയറ്റി നേരെ ആശുപത്രിയിലേക്ക് പാഞ്ഞു. കേശവന്റെ നെഞ്ചിൽ ചാഞ്ഞു കിടന്നു പിള്ള വേദന കൊണ്ട് പുളഞ്ഞു. തന്നെ ചേർത്തുപിടിച്ച് ആശ്വസിപ്പിക്കാൻ ശ്രമിക്കുന്ന ഭിക്ഷക്കാരന്റെ കണ്ണുകളിൽ അയാൾ അപ്പോൾ കണ്ടത് ദൈവത്തെ ആയിരുന്നു. “സർവ്വം ശിവമയം” എന്ന ധ്വനി ഉള്ളിൽ മുഴങ്ങി. അടഞ്ഞ കണ്ണുകളിൽ കണ്ണുനീർ നിറഞ്ഞു വശങ്ങളിലൂടെ ഒഴുകി. അപ്പോൾ പിള്ള ഒരു തിരിച്ചറിവിന്റെ ലോകത്തായിരുന്നു. ദൈവത്തെ കണ്ട നിമിഷത്തിൽ ആയിരുന്നു.

രമ്യ ഗോവിന്ദ്

error: Content is protected !!